നിപ: നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്
text_fieldsകോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് മെഡിക്കല് കോളേജിലെ ഐസൊലേഷന് വാര്ഡിനു മുന്നിൽ കാവൽ നിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ
ഫറോക്ക്: ഫാറൂഖ് കോളജിനു സമീപം താമസിക്കുന്ന ഗൃഹനാഥന് നിപ സ്ഥിരീകരിച്ചതോടെ രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവരിലേക്ക് രോഗം വ്യാപിക്കുന്ന ഘട്ടത്തിലെത്തുകയാണെങ്കിൽ മാത്രം കണ്ടെയ്ൻമെന്റ് സോണുകൾ ആക്കി തിരിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കപെട്ട 43 കാരന് നിപയുമായി ബന്ധപെട്ട ചില പരിശോധനകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയതിന്റെ ഭാഗമായി നിപ വൈറസ് സ്ഥിരീകരിച്ചതായി കണ്ടെത്തിയിരുന്നു. ഫലം പുറത്തുവന്ന ബുധനാഴ്ച രാത്രി തന്നെ ഫാറൂഖ് കോളജിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കാരാട് ഭാഗത്തു പ്രവർത്തിച്ചിരുന്ന സോപ്പ് നിർമാണ യൂനിറ്റ് വളരെക്കാലമായി അടഞ്ഞുകിടക്കുകയാണ്. ഈ സ്ഥാപനത്തിനകം ശുചീകരിക്കുന്ന വേളയിൽ വവ്വാലുകൾ അവിടെ തമ്പടിച്ചിരുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.
വവ്വാലുകളുടെ കാഷ്ടം ഒഴിവാക്കുന്ന സമയത്ത് ശ്വസന നാളത്തിലൂടെ പൊടി രൂപത്തിൽ ഇത് ശരീരത്തിലേക്ക് കയറാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വിവിധ ആശുപത്രികളിലും സ്കാനിങ് കേന്ദ്രങ്ങളിലും ചികിത്സ തേടിയതിനാൽ സമ്പർക്ക പട്ടിക വിപുലമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരേയും ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരെയും കണ്ടെത്തി നിരീക്ഷിക്കാൻ പ്രത്യേക വിഭാഗത്തിനെ രംഗത്തിറക്കിയിട്ടുണ്ട്.
ക്വാറന്റീൻ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതോടൊപ്പം ഇവരുടെ ആരോഗ്യ നില വിലയിരുത്തുന്നുണ്ട്. കൂടാതെ,രാമനാട്ടുകര നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. കൺട്രോൾ റൂം പ്രവർത്തനം സജ്ജമാക്കിയതോടൊപ്പം രോഗിയുടെ സഞ്ചാരപാത കണ്ടെത്തുന്നതിനുള്ള റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.
രോഗബാധിതന്റെ വീട്ടിൽ എട്ടു പേരും പ്രത്യേക നിരീക്ഷണത്തിൽ
ഫാറൂഖ് കോളജ്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ വീട്ടിലുണ്ടായിരുന്ന എട്ടു പേരെയും നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. പിതാവ്,മാതാവ്,ഭാര്യ,രണ്ട് മക്കൾ,മാതാവിന്റെ സഹോദരിയുടെ രണ്ട് മക്കൾ, രോഗബാധിതന്റെ സഹോദരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
ഇതിൽ സഹോദരിയും മാതാവിന്റെ സഹോദരിയുടെ മക്കളും രോഗബാധിതനായ ശേഷം വീട്ടിൽ പരിചരിക്കാൻ എത്തിയതായിരുന്നു. ഇവരടക്കമുള്ള 14 കുടുംബാംഗങ്ങളും അഞ്ച് സുഹൃത്തുക്കളും പ്രത്യേകം നിരീക്ഷണത്തിലാണ്. രാമനാട്ടുകര നഗരസഭയിൽ ആർ.ആർ.ടിയുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പി.പി.ഇ കിറ്റ്, മാസ്ക്, ഗ്ലൗസ് എന്നീ സുരക്ഷാ ഉപകരണങ്ങൾ വേണ്ടത്ര ലഭിച്ചിട്ടുള്ളതായും യോഗം വിലയിരുത്തി.
വിവാഹങ്ങൾ, സൽക്കാരങ്ങൾ, പൊതുപരിപാടികൾ എന്നിവക്ക് നിരോധനം
രാമനാട്ടുകര: നിപ സ്ഥിരീകരിച്ച രാമനാട്ടുകര നഗരസഭയിലെ അഞ്ചാംഡിവിഷനിൽപെട്ട ഫാറൂഖ് കോളജ് മേലേവാരം പ്രദേശത്ത് ആർ.ആർ.ടി യോഗം ചേർന്നു. ഡിവിഷനിൽ ഉൾപെട്ട 50 വീടുകൾക്ക് ഒരു ആർ.ആർ.ടി ടീം എന്ന നിലയിൽ ജാഗ്രത നിർദേശം നൽകുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തികൊണ്ട് പ്രവർത്തനം നടത്താനും സ്കോഡ് രൂപവത്കരിച്ചു. പ്രദേശത്ത് ആളുകൾ കൂടുന്ന തരത്തിലുള്ള വിവാഹങ്ങൾ, സൽക്കാരങ്ങൾ,മറ്റുപൊതു പരിപാടികൾ എന്നിവ നടത്തുന്നതിന് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തി.
വ്യാഴാഴ്ച വൈകുന്നേരം ജില്ല കലക്ടർ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തി. ഡിവിഷനിൽ ഉൾപെട്ട പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകാനും പ്രദേശത്തെ ജനങ്ങൾ പൂർണമായും മാസ്ക് എൻ95 ധരിക്കുന്നത് നിർബന്ധമാക്കാനും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് പൂർണ്ണമായും ക്വാറന്റീൻ ഏർപ്പെടുത്താനും തീരുമാനിച്ചു. നഗര ചെയർപേഴ്സൻ കല്ലട മുഹമ്മദലി യോഗത്തിൽ പങ്കെടുത്തു.
സ്ഥിരീകരിച്ച പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല -ജില്ല കലക്ടർ
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. നിപയുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഗം ബാധിച്ചയാൾ ജോലി ചെയ്തിരുന്ന ഗോഡൗണും അദ്ദേഹത്തിന്റെ വീട്ടുപരിസരത്തുള്ള സപ്പോട്ട മരവുമാണ് പരിശോധിച്ചിരുന്നത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. വവ്വാൽ കൂട്ടമായി ചാകുന്നത് ശ്രദ്ധിക്കാൻ ഫോറസ്റ്റ് വകുപ്പിനും മൃഗങ്ങൾ കൂട്ടമായി ചാകുന്ന സ്ഥിതിയുണ്ടോ എന്നറിയാൻ മൃഗസംരക്ഷണ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. നിപ മാത്രമല്ല, പലവിധത്തിലുള്ള പനികൾ പടരുന്ന സാഹചര്യമുള്ളതിനാൽ ആളുകൾ പൊതുയിടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

