കോഴിക്കോട് നഗരത്തിൽ അടുത്തമാസം മുതൽ രാത്രിയിലും ശുചീകരണം
text_fieldsകോഴിക്കോട്: നഗരത്തിൽ രാത്രികാല ശുചീകരണം ആരംഭിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ശുചീകരണം ആരംഭിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും രാത്രിയിൽ ശുചീകരണം നടത്തും.
നിലവിൽ രാവിലെ 6.30 മുതൽ 12.30 വരെ മാത്രമാണ് ശുചീകരണം. നഗരഹൃദയ പ്രദേശങ്ങളായ പുതിയ ബസ് സ്റ്റാൻഡ്, പാളയം, ഇടിയങ്ങര, സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മെഡിക്കൽ കോളജ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ രാത്രി ശുചീകരണം.
രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയത്താണ് ശുചീകരിക്കുക. രാത്രി ശുചീകരിച്ച സ്ഥലത്ത് രാവിലെ മാലിന്യം വരുന്നില്ലെന്ന് ഉറപ്പു വരുത്താൻ അതാതിടങ്ങളിലെ വ്യാപാരികളുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കും. കോർപറേഷനിലെ 53 തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി ഏഴ് സ്ക്വാഡുകളായി തിരിച്ചാണ് ശുചീകരണം.
ഇത് കൃത്യമായി മോണിറ്ററിങ് നടത്താൻ നൈറ്റ് സ്ക്വാഡിനെയും ചുമതലപ്പെടുത്തും. ഷിഫ്റ്റുകളിലായാണ് നൈറ്റ് സ്ക്വാഡ് പ്രവർത്തനം നടത്തുക. രാത്രികാല ശുചീകരണ പ്രവൃത്തി നടത്തുന്നതിന് ജീവനക്കാർക്ക് ആവശ്യമായ ഹെഡ് ലൈറ്റ്, റിഫ്ലക്ടിങ് കോട്ട് തുടങ്ങിയവ ലഭ്യമാക്കും. എല്ലാ മാസവും അവലോകന യോഗം വിളിച്ചു പോരായ്മകൾ പരിഹരിക്കും.
പദ്ധതിയുടെ ഉദ്ഘാടനമെന്നോണം നവംബർ ഒന്നിന് മാനാഞ്ചിറയിൽ ശുചിത്വ സന്ധ്യാദീപം തെളിക്കും. അന്ന് 6.30 മുതൽ രാത്രി 10 വരെ ശുചീകരണം നടത്തി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നഗരത്തിലെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും ശുചിത്വ സന്ധ്യാദീപം തെളിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുത്ത് ദീപം തെളിക്കുന്നതിന് നഗരവാസികൾക്കും അവസരമുണ്ടാവും. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.