Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറുവണ്ണൂർ മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ; ദേശീയപാത അടക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന

text_fields
bookmark_border
ചെറുവണ്ണൂർ മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ; ദേശീയപാത അടക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന
cancel
camera_alt

ചെറുവണ്ണൂർ മേൽപാലത്തിൽ രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സംഘം സന്ദർശനം നടത്തുന്നു

ഫറോക്ക്: ചെറുവണ്ണൂർ മേൽപാലത്തിൽ രണ്ടാംഘട്ട ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുന്നോടിയായി ജില്ല കലക്ടറുടെ നിർദേശ പ്രകാരം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം ചെറുവണ്ണൂരിൽ സന്ദർശനം നടത്തി. ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതകൾ വിലയിരുത്താൻ ട്രാഫിക് പൊലീസ്, മോട്ടർ വാഹന വകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരാണ് പരിശോധനക്കെത്തിയത്.

പഴയ ദേശീയ പാതയിലെ പുതിയപാലം മുതൽ ചെറുവണ്ണൂർ കരുണ സ്റ്റോപ്പുവരെയാണ് അടക്കുകയെങ്കിലും ഒന്നാം ഘട്ടത്തിൽ ചെയ്തതുപോലെ കോഴിക്കോടിനും രാമനാട്ടുകരക്കുമിടയിൽ ഗതാഗതം പൂർണമായും നിരോധിക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഗതാഗതം തടഞ്ഞു കൊണ്ട് 18 ഗർഡറുകൾ സ്ഥാപിക്കാനാണ് ഏകദേശ ധാരണയിലെത്തിയത്. തീരുമാനം ജില്ല കലക്ടർക്ക് സമർപ്പിച്ചതിനു ശേഷമാണ് ഔദ്യോഗികമായി അറിയിപ്പ് പുറത്തുവിടുക. കഴിഞ്ഞ സെപ്റ്റംബർ 20 മുതൽ 26 വരെ റോഡ് അടച്ചതിനു ശേഷം 24 ഗർഡറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഗാൻട്രി ക്രെയിൻ ''പണിമുടക്കി''യതു കാരണം ഒരു ദിവസം നേരത്തേ പ്രവൃത്തി നിർത്തിവെക്കേണ്ടി വന്നു.

13 ഗർഡറുകൾ മാത്രമേ അന്ന് സ്ഥാപിക്കാൻ കഴിഞ്ഞുള്ളൂ. ഗതാഗതം പൂർണമായും തടഞ്ഞാൽ ദേശീയപാതയിൽ വലിയ ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പൊതു മരാമത്ത് അസി. എക്സി. എൻജിനീയർ പി. ഇന്ദു, അസി. എൻജിനീയർ ടി.എസ്. ഹൃദ്യ, തഹസിൽദാർ സി. ശ്രീകുമാർ, അസി. കമീഷണർ(ട്രാഫിക് )പി.സി. ചാക്കോ, എം.വി.ഐ ജിനേഷ്, എ.എം.വി.ഐ പ്രേംകുമാർ, കോർപറേഷൻ ടൗൺ പ്ലാനിങ് ചെയർപേഴ്സൻ സി. സന്ദേശ്, കൗൺസിലർ എം.പി. മുനീർ എന്നിവരാണ് ചെറുവണ്ണൂർ സന്ദർശിച്ചത്.

ദേശീയപാത അടക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം -മേൽപാലം ആക്ഷൻ കമ്മിറ്റി

ചെറുവണ്ണൂർ: തിങ്കൾ മുതൽ വ്യാഴം വരെ ദേശീയപാതയിൽ ചെറുവണ്ണൂർ ഭാഗം പൂർണമായി അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മേൽപാലം ആക്ഷൻ കമ്മിറ്റി കൺവീനർ എം.എ. ഖയ്യൂം. ഗർഡറുകൾ സ്ഥാപിക്കൽ രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ജനങ്ങളുടെ യാത്ര സൗകര്യം നിഷേധിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകി.

18 ഗർഡറുകൾ സ്ഥാപിക്കാൻ വേണ്ടിയാണ് ഇപ്പോൾ റോഡ് അടക്കുന്നത്. 11 ഗർഡറുകൾ കൂടി സ്ഥാപിക്കാനുള്ളതുകൊണ്ട് വീണ്ടും റോഡ് അടക്കേണ്ടി വരും. 29 ഗർഡറുകൾ ഒന്നിച്ച് രാത്രി കാലങ്ങളിൽ സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നും ഖയ്യൂം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NH Closure Inspection for Cheruvannur Flyover Girder Installation
Next Story