എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഷൈൻ
രാമനാട്ടുകര: കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഫറോക്ക് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടില്‍ ഷൈൻ (40) ആണ് രാമനാട്ടുകര വൈദ്യരങ്ങാടി പൊറ്റപടിയിൽവെച്ച് അഞ്ച് ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തില്‍ ഈയിടെയാണ് ജയിലില്‍നിന്നിറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തില്‍ സജീവമാവുകയായിരുന്നു. ഇയാള്‍ ഉള്‍പ്പെട്ട ലഹരികടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി സേതു, ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

