പുതുവത്സരാഘോഷം; സുരക്ഷ ശക്തമാക്കും
text_fieldsകോഴിക്കോട് ബീച്ചിൽ അനുഭവപ്പെട്ട തിരക്ക്
കോഴിക്കോട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ പൊലീസ്. ആഘോഷത്തിനായി ജനങ്ങൾ ഒത്തുകൂടുന്ന ബീച്ച്, പാർക്ക്, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് ബന്തവസ്സ് ഏർപ്പെടുത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണത്തിനായുള്ള വ്യക്തമായ പദ്ധതി ചൊവ്വാഴ്ചയോടെ തയാറാക്കും.
ജില്ലയില്‍ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് എക്സൈസ് വിവിധ കര്‍മപരിപാടികൾ തയാറാക്കി. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവില്‍പന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ബസുകള്‍, മറ്റു യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തും.
മുന്‍കാല അബ്കാരി, എന്‍.ഡി.പി.എസ് പ്രതികള്‍, അവരുടെ കൂട്ടാളികള്‍ എന്നിവരുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവ നിരീക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് തലത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകള്‍, ജില്ല തലത്തില്‍ കണ്‍ട്രോള്‍ റൂം, ഹൈവേകളിലെ വാഹന പരിശോധനക്ക് പ്രത്യേക ഹൈവേ പട്രോള്‍ ടീം എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.
ബാര്‍ ഹോട്ടലുകള്‍, റസ്‌റ്റാറൻറുകൾ, റിസോര്‍ട്ടുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡി.ജെ പാര്‍ട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവരുടെ വിലാസവും ഫോണ്‍ നമ്പറും, ഡി.ജെ പാര്‍ട്ടി സ്ഥാപനം നേരിട്ട് നടത്തുന്നതല്ലെങ്കില്‍ ആരാണ് സംഘടിപ്പിക്കുന്നതെന്ന വിവരവും എക്‌സൈസ്, പൊലീസ് എന്നിവരെ മുന്‍കൂട്ടി അറിയിക്കണം.
മദ്യം വിളമ്പാൻ ലൈസന്‍സ് വേണം
പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍ പ്രത്യേകം ലൈസന്‍സ് (എഫ്.എല്‍.6) എടുക്കണം. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മദ്യം നല്‍കുന്നതെന്ന് ഉറപ്പുവരുത്തണം. ഇത്തരം പാര്‍ട്ടികള്‍ സംബന്ധിച്ച പരസ്യങ്ങളില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുത്. സി.സി ടി.വി നിരീക്ഷണം ഉറപ്പുവരുത്തുകയും ആവശ്യപ്പെട്ടാല്‍ കൈമാറുകയും വേണം.
ഡി.ജെ പാര്‍ട്ടികളുടെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട എക്സൈസ് ഓഫിസിലോ ഉദ്യോഗസ്ഥരെയോ അറിയിക്കണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് റസ്‌റ്റാറൻറുകൾ, റിസോര്‍ട്ടുകള്‍, ബാര്‍ ഹോട്ടലുകള്‍, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.
കണ്‍ട്രോള്‍ റൂം
മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങൾക്ക് വിവിധ നമ്പറുകളില്‍ കൈമാറാം. ജില്ല കണ്‍ട്രോള്‍ റൂം -0495 2372927, അസി. എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), കോഴിക്കോട് -9496002871, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്സ്മന്‍റെ് ആന്‍ഡ് നാർകോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് കോഴിക്കോട് -9400069675, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോഴിക്കോട് -9400069677, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പേരാമ്പ്ര -9400069679, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, താമരശ്ശേരി -9446961496, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വടകര -9400069680.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

