ഈ മഞ്ഞയ്ക്ക് മഞ്ഞ കുറവാണ്; നിറം കുറഞ്ഞ മഞ്ഞള്‍ ഇനം പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
text_fieldsകോഴിക്കോട്: മഞ്ഞള്‍പൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞള്‍ ഇനം പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.സി.എ.ആര്-ഐ.ഐ.എസ്.ആര്). അത്യുൽപാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതാണ് ‘ഐ.ഐ.എസ്.ആര് സൂര്യ’ എന്ന പുതിയ ഇനം മഞ്ഞള്‍.
പൊതുവേ മഞ്ഞള്‍പൊടി തയാറാക്കുന്നതിന് ഇളം നിറത്തിലുള്ള മഞ്ഞളിനാണ് മുന്‍ഗണനയെങ്കിലും ലഭ്യത താരതമ്യേന കുറവാണ്. തയാറാക്കുന്ന മസാലകളില്‍ അധികം നിറവ്യത്യാസം ഉണ്ടാവില്ല എന്നതും വിദേശ വിപണികളില്‍ പ്രത്യേകിച്ച് ജപ്പാന്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇളം നിറത്തിലുള്ള മഞ്ഞള്‍ ഉൽപനങ്ങള്‍ക്കാണ് സ്വീകാര്യത എന്നതും ഇതിന്റെ ആവശ്യകത വർധിപ്പിക്കുന്നുണ്ട്.
നിലവിലുള്ള മഞ്ഞള്‍ ഇനങ്ങള്‍ക്ക് വിളവുകുറവായതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇതിന്റെ വ്യാപക കൃഷിക്ക് താത്പര്യപ്പെടാറില്ല. ഇതുമൂലം ഇത്തരം മഞ്ഞള്‍ പലപ്പോഴും സാധാരണ നിറമുള്ളതോടൊപ്പം കലര്‍ത്തിയാണ് വിപണിയിലെത്തുന്നത്. ഇതിനുള്ള പ്രതിവിധിയായാണ് ഐ.ഐ.എസ്.ആര് സൂര്യ പുറത്തിറക്കിയത്. അത്യുത്പാദനശേഷിയുള്ള ഈ ഇനത്തില്‍നിന്ന് ഹെക്ടറിന് ശരാശരി 29 ടണ്‍ വിളവ് ലഭിക്കും. പരമ്പരാഗത ഇനങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വര്‍ധനവാണിത്. നിർദേശിക്കുന്ന സാഹചര്യങ്ങളില്‍ കൃഷി ചെയ്താല്‍ ഹെക്ടറിന് 41 ടണ്‍ വരെ പരമാവധി വിളവ് സൂര്യയില്‍ നിന്നു ലഭിക്കും. ഉണക്കിന്റെ തോത് നോക്കുമ്പോള്‍ ഹെക്ടറില്‍ ശരാശരി 5.8 ടണ്ണോളം ഉണങ്ങിയ മഞ്ഞളും ലഭിക്കും.
വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരീക്ഷണ കൃഷിക്ക് ശേഷമാണ് സൂര്യയുടെ ശരാശരി വിളവ് ഉറപ്പിച്ചത്. കേരളം, തെലങ്കാന, ഒഡീഷ, ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഐ.ഐ.എസ്.ആര് സൂര്യ കൃഷിക്ക് അനുകൂലമാണെന്ന് സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ദേശീയ ഏകോപന സമിതി (എ.ഐ.സി.ആർ.പി.എസ്) നിർദേശിച്ചിട്ടുണ്ട്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എന്‍.കെ. ലീല, ഡോ. എസ്. മുകേഷ് ശങ്കര്‍, ഡോ. ബി. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പുതിയ ഇനത്തിന്റെ ഗവേഷണത്തില്‍ പ്രവര്‍ത്തിച്ചത്. ഐ.ഐ.എസ്.ആര് സൂര്യയുടെ നടീല്‍ വസ്തു ഉൽപാദനത്തിനായുള്ള ലൈസന്‍സുകള്‍ ഗവേഷണ സ്ഥാപനം നല്‍കുന്നുണ്ട്. കര്‍ഷകര്‍, നഴ്സറികള്‍ എന്നിങ്ങനെ താൽപര്യമുള്ളവര്ക്ക് ലൈസന്സിനുവേണ്ടിയും ബുക്കിങ്ങിനായും 0495-2731410 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

