നടുവണ്ണൂരിൽ പുതിയ ഇനം ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി
text_fieldsനടുവണ്ണൂർ (കോഴിക്കോട്): നടുവണ്ണൂരിൽനിന്ന് പുതിയ ഇനം ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തന്റെ പേരിൽ ഒരു മത്സ്യംകൂടി അറിയപ്പെടുന്ന സന്തോഷത്തിലാണ് നടുവണ്ണൂർ സ്വദേശി മൂന്നാം ക്ലാസുകാരി ജൂഹു. ജൂഹു എന്നു വിളിക്കുന്ന ധൻവി ധീര എന്ന പെൺകുട്ടി നാലു വയസ്സുള്ള സമയത്താണ് ബക്കറ്റിലെ വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. തുടർന്ന് അമ്മയായ അശ്വിനി ലാലുവിനെ ഇത് അറിയിക്കുകയും അവർക്ക് ഈ മത്സ്യത്തോട് തോന്നിയ ഒരു കൗതുകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ബി. പ്രദീപിനോട് പങ്കുവെക്കുകയും ചെയ്തു.
ഈ കൗതുകമാണ് പുതിയ മത്സ്യത്തെ കണ്ടെത്താനുള്ള വഴിത്തിരിവായത്. നടുവണ്ണൂരിലെ വല്ലോറ മലയിൽ, മലോൽ കാർത്യായനി അമ്മയുടെ വീട്ടിലെ കിണറിൽനിന്നാണ് അശ്വിനി ലാലുവും, പരിസരത്തെ വീട്ടുകാരും ആവശ്യത്തിനുള്ള വെള്ളം പമ്പ് ഉപയോഗിച്ച് ടാങ്കിലേക്ക് അടിക്കാറുണ്ടായിരുന്നത്. ഈ കിണറിൽനിന്നാണ് ഭൂഗർഭ മത്സ്യത്തെ കണ്ടെത്തിയത്. ഈ കിണറിലേക്ക് അടിയൊഴുക്കായി വെള്ളം വരുകയും അതേപോലെ കിണറിൽനിന്ന് താഴോട്ട് നീർച്ചാൽ ആയി വെള്ളം പോവുകയും ചെയ്യുന്നുണ്ട്.
കെ.വി.കെയിലെ ഡോ. ബി. പ്രദീപും, കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കെ.ആർ. ശ്രീനാഥിന്റെ (ഇപ്പോൾ ഡയറക്ടർ ജനറൽ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ) നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തെ പറ്റിയുള്ള ഗവേഷണം നടത്തിയത്. തുടർന്ന് ഈ മത്സ്യം പുതിയ ഇനം മത്സ്യമാണെന്ന് കണ്ടെത്തി.
മത്സ്യത്തെ ആദ്യമായി കണ്ടെത്തിയ കുഞ്ഞ് ജൂഹുവിനോടുള്ള ബഹുമാനാർഥം ഈ മത്സ്യത്തിന് പാൻജിയോ ജുഹുവേ ( Pangio juhuae) എന്ന് പേര് നൽകി. ഈ മത്സ്യത്തെ പറ്റിയുള്ള ഗവേഷണ പ്രബന്ധം ഇന്ത്യൻ ജനൽ ഓഫ് ഫിഷറീസ് 2025 ജനുവരി-മാർച്ച് ലക്കത്തിൽ ‘ദക്ഷിണേന്ത്യയിൽനിന്ന് ഒരു പുതിയ ഇനം ട്രോഗ്ലോബൈറ്റിക് ഈൽലോച്ചിനെ കണ്ടെത്തി’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. കെ.ആർ. ശ്രീനാഥ്, ഡോ. ബി. പ്രദീപ്, ഡോ. കെ.ആർ. അജു, ഡോ. സന്ധ്യ സുകുമാരൻ, ഡോ. വിൽസൺ സെബാസ്റ്റൈൻ, ഡോ. ആൽവിൻ ആന്റോ, ഡോ. ഗ്രിൻസൺ ജോർജ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ഇപ്പോൾ കണ്ടുപിടിച്ച പാൻജിയോ ജുഹുവക്ക് മുമ്പേ കണ്ടെത്തിയ ഇനങ്ങളെ അപേക്ഷിച്ച് മുതുകിലെ ചിറകുണ്ട്. ഇത് കൂടാതെ ഇവയുടെ കണ്ണുകളും വലുതാണ്. അതിനാൽ മറ്റ് രണ്ട് ഇനങ്ങളിൽനിന്ന് ഈ മത്സ്യം വ്യത്യസ്തമാണ്. ഇവക്ക് ഭൂഗർഭ സ്വഭാവ സവിശേഷതകൾ അതിനാൽ കുറവാണെന്ന് ഡോ. ശ്രീനാഥ് പറഞ്ഞു.
ഡോ. പ്രദീപിന്റെ അഭിപ്രായത്തിൽ 2021 മുതൽ പ്രത്യേകിച്ച് മഴക്കാലത്ത് ഈ കിണറ്റിൽനിന്നും മറ്റു ചില കിണറുകളിൽനിന്നും ഈ മത്സ്യത്തെ കണ്ടതായി ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽനിന്ന് രണ്ട് വ്യത്യസ്ത തരം ഭൂഗർഭ മത്സ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് സമ്പന്നമായ ഭൂഗർഭ ആവാസവ്യവസ്ഥയുണ്ടെന്നും അതിൽ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവികൾ ഉണ്ടെന്നും സൂചന നൽകുന്നു. ഈ ഭൂഗർഭ ആവാസവ്യവസ്ഥയെയും അതിൽ വസിക്കുന്ന അതുല്യമായ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

