കോൺഗ്രസിന് പൊളി ഓഫിസ് വരുന്നു
text_fieldsപൊളിച്ചുതുടങ്ങിയ കോൺഗ്രസ് ഭവൻ
കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ കോൺഗ്രസിന്റെ ഓഫിസ് പൊളിയാക്കാനുള്ള ഒരുക്കം തുടങ്ങി. അതിനായി അര നൂറ്റാണ്ടിലേറെയായി ഡി.സി.സി പ്രവർത്തിക്കുന്ന പഴയ തറവാട് വീട് പൊളിച്ചുതുടങ്ങി. അഞ്ചുകോടി രൂപ ചെലവിൽ നാലുനിലയിൽ അത്യാധുനിക കെട്ടിടമാണ് ഉയരുക.
അടിയിൽ മെഗ ഓഡിറ്റോറിയവും മുകളിൽ രണ്ട് മിനി ഹാളുകളും പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് പ്രത്യേക ഓഫിസുകളുമാണ് പദ്ധതിയിലുള്ളത്. ഗസ്റ്റ് റൂമും സ്വന്തമായി കാന്റീനും ഉണ്ടാവും. അഭ്യുദയകാംക്ഷികളിൽ നിന്നും പാർട്ടി ഘടകങ്ങളിൽനിന്നും ഫണ്ട് സ്വരൂപിച്ചാണ് പണി പൂർത്തിയാക്കുക.
പഴയ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ ചരിത്രത്തിലേക്ക് മറയുന്നത് ഓർമകളിരമ്പുന്ന കോൺഗ്രസ് ഭവൻ ആണ്. പാർട്ടിയുടെ കിതപ്പും കുതിപ്പും ഒരുപാട് അനുഭവിച്ച ഓഫിസാണിത്. പാർട്ടിയുടെ പിളർപ്പിനും വളർച്ചക്കും സാക്ഷിയായ കെട്ടിടം. നേതാക്കളെമ്പാടും ഇവിടെ വന്നുപോയിട്ടുണ്ട്.
ഒരുപാട് സമരമുഖങ്ങളുടെ ആലോചനവേദിയായിട്ടുണ്ടിവിടം. എതിർച്ചേരികളുടെ പ്രതിഷേധങ്ങളും പോർവിളികളും പലതവണ ഈ ഭവനത്തിന് മുന്നിൽ നടന്നു. കോൺഗ്രസിന്റെ വാർത്തസമ്മേളനങ്ങളുടെ ഭവനം കൂടിയായിരുന്നു ഇവിടം. ഓരോ തെരഞ്ഞെടുപ്പുകാലവും ഇവിടെ ഉത്സവമായിരുന്നു.
1971ലാണ് ഈ വീടും 45 സെന്റ് സ്ഥലവും കോൺഗ്രസിന്റെ കൈയിലെത്തുന്നത്. കെ.ജി. അടിയോടി, കെ.പി. ഉണ്ണികൃഷ്ണൻ, എ.സി. ഷൺമുഖദാസ് എന്നിവരുടെ പരിശ്രമത്തിലാണ് ഓഫിസ് സ്വന്തമായത്. അന്ന് ഇ.പി. അച്ചുക്കുട്ടി നായരായിരുന്നു ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. പിന്നീട് പല പിളർപ്പുകളും നടന്നു. നേതാക്കൾ പലവഴിക്കായി.
കോൺഗ്രസ് വാങ്ങുമ്പോൾ 50 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു ഇത്. നീലാംബി ഹൗസ് എന്നായിരുന്നു വീട്ടുപേര്. ജപ്തിയും കേസും കൂട്ടവും നേരിട്ടാണ് കോൺഗ്രസ് ഈ വീട് കരസ്ഥമാക്കിയത്.
പി. ശങ്കരൻ ഡി.സി.സി പ്രസിഡന്റായ കാലത്ത് കോടതി നടപടികളുമുണ്ടായി. നിയമപോരാട്ടങ്ങൾക്കൊടുവിൽ രണ്ടരക്കോടി രൂപക്ക് കോൺഗ്രസ് സ്വത്ത് സ്വന്തമാക്കി. കെ.സി. അബു പ്രസിഡന്റായിരിക്കെയാണ് ഫണ്ടുണ്ടാക്കിയത്. ഇതിനോട് ചേർന്ന് ഇന്ദിര ഗാന്ധിയുടെ പേരിൽ ഓഡിറ്റോറിയം പണിതിട്ട് അധികകാലമായിട്ടില്ല. പുതിയ കെട്ടിടമുണ്ടാക്കാൻ ഇതും പൊളിക്കും. ഓഫിസ് തൽക്കാലം വെസ്റ്റ്ഹില്ലിലെ ഐ.എൻ.ടി.യു.സി ഓഫിസിൽ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

