പുതിയപാലത്ത് പുത്തൻ പാലം 18 മാസത്തിനകം
text_fieldsപുതിയപാലത്തിന്റെ പൈലിങ് പണികൾ ആരംഭിച്ചപ്പോൾ
കോഴിക്കോട്: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ പാലത്ത് പുത്തൻ പാലം പണി ആരംഭിച്ചു. കനോലി കനാലിന് കിഴക്ക് ഭാഗത്താണ് പൈലിങ് തുടങ്ങിയത്. 18 മാസം കൊണ്ട് പണിതീർക്കാനാണ് ലക്ഷ്യമിടുന്നത്. 11 മീറ്റർ വീതിയിൽ കമാനാകൃതിയിൽ 195 മീറ്റർ നീളത്തിൽ പാലവും അപ്രോച്ച് റോഡും സർവിസ് റോഡുമടങ്ങുന്നതാണ് പദ്ധതി.
കിഴക്ക് 383ഉം പടിഞ്ഞാറ് 23ഉം മീറ്ററാണ് അപ്രോച്ച് റോഡുണ്ടാവുക. ഏഴ് സ്പാനുണ്ടാവും. ഒന്നര മുറ്റർ വീതിയുള്ള നടപ്പാതയും പണിയും. വലിയ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തിട്ട് ജൂലൈ മൂന്നിന് ഒരു കൊല്ലം പൂർത്തിയായിരുന്നു. പാലം പണിയുന്നതിന്റെ മുന്നോടിയായി പണിത മരപ്പാലം നിർമാണം നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു.
സ്ഥലമെടുപ്പ് പൂർത്തിയാക്കി പോസ്റ്റുകളും മറ്റും മാറ്റുന്ന പണിയും കെട്ടിടം പൊളിച്ചുമാറ്റലും തീർന്നു. മൊത്തം 22.64 കോടി രൂപ സ്ഥലമെടുപ്പിനുമാത്രം ചെലവായി. കിഫ്ബി പദ്ധതിയായതിനാൽ ഫയൽ നടപടികൾ വൈകിയതാണ് പണിനീളാൻ കാരണമായി പറയുന്നത്. കരാർ ഏറ്റെടുത്തത് പി.എം.ആർ കമ്പനിയാണ്. കഴിഞ്ഞ ജൂലൈയിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കരാറും അഗ്രിമെന്റും വർക്ക് ഓർഡറും ആകുന്നതിന്റെ മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന്റെ തിരുവനന്തപുരത്തുള്ള പ്രോജക്ട് ഡയറക്ടർ ഓഫിസിൽനിന്നാണ് കരാർ നൽകാനുള്ള രേഖകളും മറ്റും പരിശോധിക്കുന്നത്.
സ്ഥലം ഏറ്റെടുക്കുക, പാലം പണിയുക തുടങ്ങിയവക്കെല്ലാം കൂടി മൊത്തം 40.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1940കളിൽ കാക്കാത്തെരു എന്നറിയപ്പെട്ടിരുന്ന ധാരാളം കമ്പനികളും മരമില്ലുകളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് ഇന്നത്തെ പുതിയപാലം. കോഴിക്കോട് സിറ്റി സൗത്ത് നിയോജകമണ്ഡലം പരിധിയിലാണ്. ’47ൽ ആണ് ഈ പ്രദേശത്ത് കനോലി കനാലിനു കുറുകെയായി ആദ്യത്തെ പാലം വന്നത്. ’82ൽ ഇപ്പോഴത്തെ കോൺക്രീറ്റ് പാലം നിർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

