വേണം, മെഡിക്കൽ കോളജിന് അടിയന്തര ചികിത്സ
text_fieldsകോഴിക്കോട്: രോഗികളുടെ ആധിക്യം, ആവശ്യത്തിന് നഴ്സുമാരും അനുബന്ധ ജീവനക്കാരുമില്ല, മെഡിക്കൽ കോളജ് ആശുപത്രി വീർപ്പുമുട്ടുന്നു. ഡോ. പ്രതാപൻ കമീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ആശുപത്രി വാർഡുകളിൽ നാല് കിടക്കകൾക്ക് ഒരു നഴ്സും അത്യാഹിത വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സും വേണം.
എങ്കിൽ മാത്രമേ രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുകയുള്ളൂ. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിൽ 40 രോഗികൾക്ക് ഒരു നഴ്സുപോലും ഇല്ലാത്ത അവസ്ഥയാണ്. ഇത് അത്യാഹിതത്തിൽപെട്ട് എത്തുന്ന രോഗികൾക്കുവരെ മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ 1372, സൂപ്പർ സ്പെഷാലിറ്റിയിൽ 205, ടെർഷ്യറി കാൻസർ കെയർ സെന്റർ (ടി.സി.സി) 37, പി.എം.എസ്.എസ്.വൈ 270, സംരക്ഷണ കേന്ദ്രം 80, പി.എം.ആർ 60 എന്നിങ്ങനെയായി 2024 കിടക്കളാണ് കിടത്തിചികിത്സക്കായുള്ളത്. കൂടാതെ അത്യാഹിത വിഭാഗത്തിലെ 200 അടക്കം 466 ഐ.സി.യു കിടക്കകളുമുണ്ട്. ഇത്രയും പേർക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കാൻ 1:4 അനുപാതത്തിൽ മെഡിക്കൽ കോളജ് ആശുപതിയിൽ 4008 നഴ്സിങ് ഓഫിസർമാരും 1004 ഹെഡ് നഴ്സുമാരും വേണം.
എന്നാൽ, ഇവിടെ നഴ്സിങ് ഓഫിസർമാരും ഹെഡ് നഴ്സുമാരുംകൂടി ആകെ 500 പേർ മാത്രമാണുള്ളത്. 1:12 അനുപാതത്തിൽ 937 നഴ്സിങ് അസിസ്റ്റന്റുമാർ വേണമെങ്കിലും 200 പേർ മാത്രമാണുള്ളത്. അറ്റൻഡർ ഗ്രേഡ് 1 തസ്തികയിൽ 937 പേരും അറ്റൻഡർ ഗ്രേഡ് 2 തസ്തികയിൽ 732 പേരും വേണ്ടിടത്ത് യഥാക്രമം 79 ഉം 144ഉം ജീവനക്കാരാണുള്ളത്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 50 ഐ.സി.യു അടക്കം 740 കിടക്കകളുണ്ട്. ഇവിടെയും ആവശ്യമായ ജീവനക്കാരില്ല. ദിനംപ്രതി ഒ.പിയിൽ മാത്രം 3700 രോഗികളാണ് എത്തുന്നത്. കാഷ്വാലിറ്റി ഒ.പിയിൽ 600 പേരും എത്തുന്നുണ്ട്. ആശുപത്രി വികസനസമിതി നിയമിക്കുന്ന നാമമാത്ര താൽക്കാലിക ജീവനക്കാരുടെ പിൻബലത്തിലാണ് ഇപ്പോൾ അത്യാഹിത വിഭാഗമടക്കം പ്രവർത്തിക്കുന്നത്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാതെ രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്. എമർജൻസി വിഭാഗത്തിൽ ഡോക്ടർമാർ കുറവാണ്. അമിത ജോലിഭാരം കാരണം നഴ്സുമാർ പ്രതിഷേധത്തിലാണ്. മാർച്ചിൽ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

