പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമയായിട്ട് എട്ടുവർഷം; സ്മാരകം ഇനിയുമകലെ
text_fieldsപുനത്തിൽ കുഞ്ഞബ്ദുള്ള
വടകര: പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മരണക്കായി നാളിതുവരെ കാണാത്ത സ്മാരകം ഉയരുമെന്നായിരുന്നു പുനത്തിലിന്‍റെ ഒന്നാം ഓർമദിനത്തിൽ സാംസ്കാരിക വകുപ്പും പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റും പ്രഖ്യാപിച്ചത്. എന്നാൽ, എട്ടാം ചരമ വാർഷികത്തിലും സ്മാരകം പണിയാനായില്ല.
സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അറിയാമായിരുന്ന പുനത്തിലിന്‍റെ എട്ടാം ഓർമ ദിനമാണ് തിങ്കളാഴ്ച. അടുപ്പക്കാർക്ക് പുനത്തിൽ കുഞ്ഞബ്ദുള്ള കുഞ്ഞീക്കയായിരുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റിന്‍റെ പ്രഥമ യോഗത്തിൽ തന്നെ ഉയർന്നതാണ് പുനത്തിലിന്‍റെ ജന്മദേശമായ വടകരയിൽ സ്മാരകം പണിയണമെന്ന്. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലൻ പ്രഖ്യാപനം നടത്തുകയുമുണ്ടായി. കെട്ടിട നിർമാണത്തിന് 20 സെന്‍റ് സ്ഥലം ലഭ്യമാക്കാൻ മൂനംഗ കമ്മിറ്റിക്ക് രൂപം നൽകി.
എന്നാൽ, രണ്ട് ഏക്കറോളം വരുന്ന ഭൂമി കണ്ടെത്തിയെങ്കിലും കച്ചവടം പൂർത്തിയായില്ല. ഒരു വർഷം കൊണ്ട് സ്മാരക നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കോവിഡ് പ്രതിസന്ധിയിൽ മുന്നോട്ട് പോകാനായില്ലെന്നാണ് ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം. മൂന്ന് കോടി സാംസ്കാരിക വകുപ്പ് കെട്ടിട നിർമാണത്തിന് വകയിരുത്തിയിരുന്നു. സ്ഥലം ലഭ്യമാക്കാനാകാത്തതോടെ തുക നഷ്ടപ്പെട്ടു.
തിങ്കളാഴ്ച പുനത്തിലിന്‍റെ ഒരു ഓർമ ദിനം കൂടി കടന്ന് പോകുമ്പോൾ സ്മാരക ശിലകൾ തീർത്ത കഥാകാരന് സ്മാരകം ഉയർന്നില്ലെങ്കിലും വായനക്കാരന്‍റെ മനസ്സിൽ പുനത്തിൽ കുഞ്ഞബ്ദുള്ള കുഞ്ഞീക്കയായി മായാതെ കിടക്കുകയാണ്. തിങ്കളാഴ്ച വടകര ടൗൺ ഹാളിന് സമീപം നടക്കുന്ന പുനത്തിൽ സ്മൃതി 2025 അനുസ്മരണത്തിൽ ഡോ. അനിൽ ചേലേമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തും. രാജേന്ദ്രൻ എടത്തുംകര, കെ.വി. സജയ്, പി. ഹരീന്ദ്രനാഥ് തുടങ്ങിയവർ ഓർമകൾ പങ്കുവെക്കും.
പുനത്തിൽ സ്മൃതി നാളെ
വടകര: കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം 'പുനത്തിൽ സ്മൃതി' തിങ്കളാഴ്ച ടൗൺ ഹാളിനു സമീപമുള്ള ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പുനത്തിൽ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 4.30ന് ആരംഭിക്കുന്ന പരിപാടിയിൽ ഡോ. അനിൽ ചേലേമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തും. രാജേന്ദ്രൻ എടത്തുംകര, കെ.വി. സജയ്, പി. ഹരീന്ദ്രനാഥ് എന്നിവർ ഓർമകൾ പങ്കുവെക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.പി. ഗോപാലൻ, ട്രസ്റ്റ് പ്രസിഡന്റ് കെ. ശ്രീധരൻ, ജനറൽ കൺവീനർ ടി. രാജൻ, കെ.സി. പവിത്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

