ദേശീയപാത ടോൾപിരിവ് ഇന്ന് മുതൽ
text_fieldsകോഴിക്കോട് ബൈപാസ്
കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം -രാമനാട്ടുകര റീച്ചിൽ വ്യാഴാഴ്ച മുതൽ ടോൾ ഈടാക്കും. ഗതാഗത മന്ത്രാലയം ടോൾനിരക്ക് വിജ്ഞാപനം നടത്തിയതിന് പിന്നാലെയാണ് പന്തീരാങ്കാവ് കൂടത്തുംപാറയിലുള്ള ഒളവണ്ണ ടോൾ പ്ലാസയിൽ നടപടി പൂർത്തിയായത്. കഴിഞ്ഞ ദിവസങ്ങളിൽ ടോൾ പ്ലാസയിൽ നടന്ന ട്രയൽ റൺ വിജയകരമായി. 20 കിലോമീറ്റർ പരിധിയിൽ വരുന്ന സ്വകാര്യ കാറുടമകൾക്കുള്ള 340 രൂപയുടെ പ്രതിമാസ പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തിയാൽ പ്രതിമാസ പാസ് ലഭിക്കും. ഇതുപയോഗിച്ച് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസ കടക്കാം. പ്രതിമാസ പാസുള്ളവർക്ക് 3000 രൂപയുടെ വാർഷിക പാസ് വാങ്ങുന്നതിന് തടസമില്ല. പാസുള്ളവർ നിശ്ചിത ടോൾ പ്ലാസ കടന്നുപോകുമ്പോൾ പ്രതിമാസ പാസിൽ നിന്നാണ് തുക ഈടാക്കുക. വാർഷിക പാസ് ഉപയോഗിച്ച് സ്വകാര്യ കാറുകൾക്ക് ഇന്ത്യയിലെ ഏതു ടോൾ പ്ലാസ വഴിയും 200 തവണ കടന്നുപോകാം. ഒരു വർഷമാണു കാലാവധി. 24 മണിക്കൂറിനുള്ളിൽ മടങ്ങുന്ന വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ടോൾ പിരിവിൽ ഫാസ്റ്റാഗിനാണു മുൻഗണന. യു.പി.ഐ വഴി പണമടയ്ക്കുന്നവർ 0.25ശതമാനം അധിക തുകയും പണമായി അടയ്ക്കുന്നവർ ഇരട്ടി നിരക്കും നൽകേണ്ടി വരും. നാഷനൽ പെർമിറ്റ് വാഹനങ്ങൾ ഒഴികെ കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത ഫാസ്റ്റാഗുള്ള വാണിജ്യ വാഹനങ്ങൾക്ക് 50 ശതമാനം ഇളവു നൽകും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കു വേണ്ടിയാണു പ്രതിമാസ പാസ് .
ടോൾ പിരിവിനെതിരെ പരാതി: അഭിഭാഷക കമീഷൻ പരിശോധിച്ചു
ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
പന്തീരാങ്കാവ്: ദേശീയപാത പന്തീരങ്കാവിൽ നിയമപരമല്ലാതെ ടോൾ പിരിവ് ആരംഭിക്കുന്നുവെന്ന പരാതിയിൽ പരിശോധനക്കായി നിയമിച്ച അഭിഭാഷക കമീഷൻ സ്ഥലത്ത് പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ട് 6.30ഓടെ അഭിഭാഷക കമീഷൻ ജോർജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ദേശീയപാത നിർമാണം പൂർത്തീകരിക്കാതെയും സർവിസ് റോഡ് നിർമിക്കാതെയും ടോൾ പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് ബേപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ഷുഹൈബ് ഫറോക്ക്, അഭിഭാഷകരായ എൻ.വി.പി റഫീക്ക്, വി. ഷംനാസ് എന്നിവർ മുഖേന നൽകിയ പരാതിയിലാണ് നടപടി.
കേസ് ഫയലിൽ സ്വീകരിച്ച കോഴിക്കോട് മുൻസിഫ് കോടതി അഭിഭാഷക കമീഷണർ ജോർജ്ജിനെ പരിശോധനക്കായി ചുമതലപ്പെടുത്തുകയായിരുന്നു. ദേശീയപാത നിർമാണം, സർവിസ് റോഡുകളുടെ നിർമാണം എന്നിവ പൂർത്തീകരിച്ചോയെന്നും ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോയെന്നതും പരിശോധിക്കാനായിരുന്നു കമീഷന് നിർദേശം നൽകിയത്.
60 കിലോമീറ്റർ പരിധിയിൽ മറ്റു ടോൾ ബൂത്തുകൾ ഉണ്ടോയെന്നും കമീഷണർ പരിശോധിക്കും. പരിശോധന റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ടോൾ പിരിക്കുന്നതിനിനെതിരെ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

