ദേശീയപാതയുടെ സർവിസ് റോഡുകൾ വൺവേ അല്ല
text_fieldsകോഴിക്കോട്: ദേശീയപാതയുടെ സര്‍വിസ് റോഡുകള്‍ ഗതാഗതക്കുരുക്കിനിടയാക്കും. സർവിസ് റോഡുകൾ വൺവേ അല്ല ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ വെളിപ്പെടുത്തിയതോടെയാണ് ഗതാഗതക്കുരുക്കിന്റെയും അപകടത്തിന്റെയും മേഖലയായി സർവിസ് റോഡുകൾ മാറുമെന്ന് ഉറപ്പായത്.
സ്വകാര്യ വ്യക്തി നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ദേശീയപാതയിൽ നിരോധിച്ച ട്രാക്ടര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സര്‍വിസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോള്‍ കുരുക്ക് രൂക്ഷമാവും. ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകട സാധ്യത ഏറെയാണ്. പലയിടങ്ങളിലും ഇതിനെച്ചൊല്ലി വാഹനമോടിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷവും പതിവായിട്ടുണ്ട്.
ദേശീയപാത നിര്‍മാണത്തിനുമുമ്പ് പ്രാദേശികയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒമ്പതും മീറ്റര്‍ വീതിയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴുള്ള സര്‍വിസ് റോഡുകള്‍ക്ക് ആറര മീറ്റര്‍ മാത്രമാണ് വീതി. ചിലയിടങ്ങളില്‍ അതുപോലുമില്ല.
ചെറിയദൂരംമാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോള്‍ സര്വിസ്റോഡ് ഉപയോഗിക്കുന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെയാണ് പോകുന്നത്. എന്നിട്ടും ഇപ്പോള്‍ത്തന്നെ സര്‍വിസ് റോഡുകളില്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഈ സാഹചര്യത്തില്‍ ദേശീയപാതയുടെ വീതി 65 മീറ്റര്‍ എന്നത് കേരളത്തില്‍ 45 മീറ്റര്‍ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സര്‍വിസ് റോഡിന്റെ വീതിയെയാണ്. വീതികുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽസ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുമായി ദേശീയപാത അതോറിറ്റി മുന്നോട്ടുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

