സർവകലാശാല കാമ്പസ് പരിസരത്ത് ദേശീയപാത പ്രവേശനം; പരിഹാരം കാണുമെന്ന് അതോറിറ്റി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പരിസരത്ത് ദേശീയപാതയിൽ പ്രവേശിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ദേശീയപാത അതോറിറ്റി അധികൃതരുടെ ഉറപ്പ്. വൈസ് ചാൻസലർ പ്രഫ. ഡോ. പി. രവീന്ദ്രനുമായുള്ള ചർച്ചയിലാണ് ഉറപ്പുനൽകിയത്.
അതോറിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ ഉടൻ സർവകലാശാല പരിസരം സന്ദർശിച്ച് എക്സിറ്റ് -എൻട്രി പോയന്റുകൾ മാറ്റി നിർണയിക്കാൻ നടപടി സ്വീകരിക്കും. കോഹിനൂരിലും ടാഗോർ നികേതന്‍ മുമ്പിലും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ നിർമിക്കാനാവശ്യമായ ഭൂമി സർവകലാശാല ഹൈവേ അതോറിറ്റിക്ക് കൈമാറും.
സർവകലാശാലയുടെ അനുമതി ലഭിച്ചാൽ ഉടൻ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണം ആരംഭിക്കുമെന്നും അധികൃതർ വി.സിക്ക് ഉറപ്പു നൽകി. സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വി.സിക്ക് കത്ത് നൽകിയതിന്റേയും ‘മാധ്യമം’ വാർത്തയുടെയും പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ.
വൈസ് ചാൻസലർ ഡോ. രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങളായ പി.കെ. ഖലിമുദ്ദീൻ, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. പി.കെ. വസുമതി, ഡോ. റിച്ചാർഡ് സ്കറിയ, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, നാഷണൽ ഹൈവേ ഡെപ്യൂട്ടി ജനറൽ മാനേജറും ഹൈവേ പ്രോജക്ട് ഡയറക്ടറുമായ അൻഷൂർ ശർമ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
സര്‍വകലാശാല കാമ്പസിലേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും ദേശീയപാതയില്‍ നിര്‍ഗമന പോയന്റിനും പ്രവേശന കവാടത്തിനും ആവശ്യം ശക്തമാണ്. സര്‍വകലാശാല ടീച്ചേഴ്സ് ഹോസ്റ്റലിന് സമീപം നിര്‍ഗമന പോയന്റ് സ്ഥാപിച്ചാല്‍ കാമ്പസിലേക്കുള്ള പ്രവേശനം എളുപ്പമാകും.
പ്രവേശന കവാടം കടന്ന് നാല് കിലോമീറ്റര്‍ അകലെ പഴയ സ്പിന്നിങ് മില്ലിന് അടുത്തുവരെ യാത്ര ചെയ്ത് വേണം ദേശീയപാതയിലെ പ്രധാന പാതയിലേക്ക് പ്രവേശിക്കാനെന്നിരിക്കെ യാത്രസൗകര്യം കണക്കിലെടുത്ത് സര്‍വകലാശാലയുടെ പുതിയ പ്രധാന ഗേറ്റിനും പഴയ ഗേറ്റിനും ഇടയില്‍ കവാടം ഒരുക്കണമെന്നാണ് ആവശ്യം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

