ദേശീയപാത വികസനം 2025ഓടെ പൂർത്തിയാക്കും -മന്ത്രി
text_fieldsകോഴിക്കോട്: തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ദേശീയപാത 45 മീറ്റർ വീതിയിൽ ആറ് വരിയാക്കി വികസിപ്പിക്കുന്നത് 2025 ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന വിപണന മേള കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ചുവർഷംകൊണ്ട് 100 പാലം ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. എന്നാൽ, രണ്ടു വർഷം പൂർത്തിയാകുന്നതിന് ഒരു മാസം മുമ്പുതന്നെ 50 പാലങ്ങളുടെ പണി പൂർത്തിയായി. കടുത്ത സമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും ഏറ്റവും മികച്ച മാതൃകയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് തല അദാലത്തുകൾ നടത്തി ജനങ്ങൾക്കിടയിലേക്ക് മന്ത്രിമാർ നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ്. ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മന്ത്രിമാർ ഒപ്പം ഉണ്ട് എന്നതിന് തെളിവാണിത്. സംസ്ഥാനത്തെ രണ്ടു മന്ത്രിമാർ തീരദേശ, വന മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ്.
2016ലെ പ്രകടന പത്രികയിലെ 600 എണ്ണത്തിൽ മഹാഭൂരിപക്ഷവും സർക്കാർ പൂർത്തിയാക്കി. 2021ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ പ്രകടനപത്രികയിലെ 900 കാര്യങ്ങളും പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് സർക്കാറിന്റെ നയമെന്ന് മുഖ്യാതിഥിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകുമ്പോൾതന്നെ ദുർബല മേഖലയിൽ ഉള്ളവരെയും സർക്കാർ ചേർത്തുനിർത്തുകയാണെന്ന് മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
മേയർ ഡോ. ബീന ഫിലിപ്, ബിനോയ് വിശ്വം എം.പി, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ല വികസന കമീഷണർ എം.എസ്. മാധവിക്കുട്ടി, സബ് കലക്ടർ വി. ചെൽസാസിനി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഐ ആൻഡ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ തുടങ്ങിയവർ സംസാരിച്ചു. ജില്ല കലക്ടർ എ. ഗീത സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.