ദേശീയപാത വികസനം; ചോറോട് 650 കുടുംബങ്ങൾ ദുരിതത്തിലാവും
text_fieldsവടകര: ദേശീയപാത വികസനത്തിന്റെെ ഭാഗമായി ശാസ്ത്രീയമായി ഓവുചാലുകൾ നിർമിക്കാത്തത് ചോറോട് ഗ്രാമപഞ്ചായത്തിലെ 650 കുടുംബങ്ങളെ ദുരിതത്തിലാക്കും. ചോറോട് ഓവർ ബ്രിഡ്ജ് മുതൽ കൈനാട്ടി ജങ്ഷൻ വരെയും, കൈനാട്ടി, കെ.ടി ബസാർ എന്നിവിടങ്ങളിലെയും പടിഞ്ഞാറ് ഭാഗത്തെ മുഴുവൻ ഓവുചാലുകളും വികസനത്തിന്റെെ ഭാഗമായി നികത്തുകയുണ്ടായി.
പുതുതായി കാലങ്ങളായി ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാതെ ഓവുചാലുകൾ നിർമിച്ചതിനാൽ കാലവർഷമാവുന്നതോടെ കുടുംബങ്ങൾ പൂർണമായും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണുള്ളത്. കെ.ടി ബസാർ മുതൽ പുഞ്ചിരിമിൽ വരെയുള്ള സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന ജലനിധി പദ്ധതിയുടെ പൈപ്പുകൾ പാത വികസനത്തിന്റെെ ഭാഗമായി ഒരു മുന്നൊരുക്കവുമില്ലാതെ പൊളിച്ചുമാറ്റിയതിനാൽ 120 കുടുംബങ്ങൾക്ക് മാസങ്ങളോളമായി കുടിവെള്ളം ലഭിക്കുന്നില്ല.
പുതുതായി നിർമിക്കുന്ന ഓവുചാലുകൾ നിലവിലെ ജലവിതാനത്തിന് അനുസരിച്ച് താഴ്ത്തി നിർമിക്കാനും, ഉൾപ്രദേശങ്ങളിൽനിന്നുള്ള നീരൊഴുക്ക് പുതിയ ഓവു ചാലിലേക്ക് പ്രവേശിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക, എൻ.എച്ചിലേക്ക് കുറുകെയുള്ള ഓവ് പാലങ്ങൾ ഇപ്പോൾ ജലസംഭരണം നടക്കുന്നതും നിലവിൽ നീരൊഴുകുന്നതുമായ സ്ഥലത്തേക്ക് മാറ്റി ക്രമീകരിക്കുക, കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ പഞ്ചായത്തുമായി സഹകരിച്ച് പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കുക എന്നീ നിർദേശങ്ങൾ ദേശീയപാത അതോറിറ്റിക്ക് മുമ്പാകെ അധികൃതർ മുന്നോട്ടു വെച്ചിട്ടുണ്ട്.
ഇത് പ്രായോഗികമായി നടപ്പാക്കിയാൽ മാത്രമേ മേഖലയിലെ ദുരിതത്തിന് അറുതിയാവുകയുള്ളു. ഗ്രാമ പഞ്ചായത്ത് റോഡുകളിലേക്ക് സർവിസ് റോഡുകൾ നിർമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.