ദേശീയപാത നിർമാണത്തിലെ വീഴ്ച; ഗർഡറുകളുടെ കമ്പികൾ പുറത്ത്
text_fieldsവടകര: നിർമാണത്തിലെ വീഴ്ച കാരണം ദേശീയപാതയിലെ ഉയരപ്പാതയുടെ തൂണുകളിൽ സ്ഥാപിക്കാൻ നിർമിച്ച കോൺക്രീറ്റ് ഗർഡറുകളുടെ കമ്പികൾ പുറത്തായ നിലയിൽ. ഇരിങ്ങൽ ടൗണിനോട് ചേർന്ന് ദേശീയപാതയിൽ നിർമിച്ച ഗർഡറുകളുടെ കമ്പികളാണ് പുറത്തായ നിലയിലുള്ളത്. ഗർഡറുകളുടെ ഒരു ഭാഗത്തുനിന്ന് നോക്കിയാൽ മറുഭാഗം കാണാൻ കഴിയും.
ഗർഡറുകളുടെ അടിഭാഗത്തോട് ചേർന്നാണ് കോൺക്രീറ്റ് മിശ്രിതം ഇല്ലാതെ കമ്പികൾ പുറത്തുകാണുന്നത്. നിർമാണ സമയത്ത് കോൺക്രീറ്റ് മിശ്രിതം ശരിയായ രീതിയിൽ അകത്തേക്ക് തള്ളാതെയാണ് ഗർഡറുകൾ നിർമിച്ചതെന്നാന് നാട്ടുകാരുടെ ആരോപണം. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ കരാർ കമ്പനി ഗർഡറുകൾക്കു മുകളിൽ ഉപയോഗശൂന്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വടകര, കൈനാട്ടി, ചോറോട്, പയ്യോളി, ഇരിങ്ങൽ ഭാഗങ്ങളിൽ ഉയരപ്പാത നിർമാണം പുരോഗമിക്കുകയാണ്. തൂണുകളുടെ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.

