ജീവനെടുത്ത് ദേശീയ (മരണ) പാത
text_fieldsപടനിലം വളവിൽ വെള്ളിയാഴ്ച രാവിലെ ബസും മിനി ലോറിയും ഇടിച്ചുണ്ടായ അപകടം
കുന്ദമംഗലം: കോഴിക്കോട്-ബംഗളുരു ദേശീയപാതയുടെ (എൻ.എച്ച് 766) കുന്ദമംഗലം മുതൽ പടനിലം വരെയുള്ള ഭാഗം മരണപാതയാകുന്നു. ഈ ഭാഗങ്ങളിൽ റോഡിൽ വലിയ കയറ്റങ്ങളും അപകട വളവുകളും നിരവധിയാണ്. അനവധി ജീവനുകളാണ് അടുത്ത കാലത്തായി ദേശീയപാതയിൽ പൊലിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 7.30ന് താഴെ പടനിലം വളവിൽ ഉണ്ടായ അപകടത്തിൽ മിനിലോറി ഡ്രൈവർ മാനിപുരം സ്വദേശി സാജിദ് മരിക്കുകയും കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്കേൽക്കുകയും ചെയ്തു.
നരിക്കുനി ഭാഗത്തുനിന്ന് താഴെ പടനിലം വഴി മുക്കത്തേക്ക് പോകുന്ന ബസിൽ കോഴിക്കോട് ഭാഗത്തുനിന്ന് മീനുമായി വന്ന മിനിലോറി ഇടിച്ചുകയറുകയായിരുന്നു. ബസ് താഴെ പടനിലത്തുനിന്ന് കളരിക്കണ്ടി റോഡിലേക്ക് തിരിയുന്നതിന് മീറ്ററുകൾക്ക് മുമ്പാണ് അപകടം സംഭവിച്ചത്. ബസിൽ യാത്ര ചെയ്തിരുന്ന ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റു. മിനിലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
താഴെ പടനിലം വളവിൽ മാസങ്ങൾക്കിടയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവിടെയുള്ള കൊടും വളവ് നിവർത്തിയാൽ മാത്രമേ അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുകയുള്ളൂവെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്കുമുമ്പ് ഇവിടെ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
പതിമംഗലത്തെ റോഡിലെ കയറ്റത്തിലും അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ജനുവരിയിൽ ഇവിടെ കാറും പിക്അപ് വാനും ഇടിച്ച് മൂന്ന് പേർ മരിച്ചിരുന്നു. മറ്റ് നിരവധി അപകടങ്ങൾ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. പന്തീർപ്പാടം അങ്ങാടിയിൽ നാലുംകൂടിയ ജങ്ഷനിലും അപകടങ്ങൾ പതിവാണ്. തോട്ടുംപുറം വളവിലും അനവധി അപകടങ്ങൾ ഉണ്ടാകുകയും നിരവധി ജീവനുകൾ പൊലിയുകയും ചെയ്തിട്ടുണ്ട്. മുന്നിലേക്ക് കാണാൻ കഴിയാത്ത വിധമുള്ള കൊടും വളവുകളും വലിയ കയറ്റങ്ങളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. റോഡിൽ ഇനിയും ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
വാഹനങ്ങൾക്ക് പടനിലം മുതൽ പതിമംഗലം വരെയുള്ള ഭാഗത്തുള്ള കൊടും വളവുകളും കയറ്റവും മുൻകൂട്ടി അറിയാൻ ആവശ്യമായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് പടനിലം കൾചറൽ ലൈബ്രറി പ്രവർത്തകസമിതി ആവശ്യപ്പെട്ടു. റോഡിലെ വളവുകൾ നിവർത്തി തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

