നമ്പികുളം-കാറ്റുള്ളമല ടൂറിസം വികസന പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു
text_fieldsബാലുശ്ശേരി: നമ്പികുളം-കാറ്റുള്ളമല ടൂറിസം വികസന പദ്ധതി പ്രവൃത്തി വീണ്ടും തുടങ്ങി. കഴിഞ്ഞ നാലുമാസമായി പ്രവൃത്തി സ്തംഭിച്ച നിലയിലായിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലാണ് വികസന പ്രവൃത്തി നടക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിട്ടുള്ള നിർമാണ പ്രവൃത്തികളാണ് ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയത്.
ചിൽഡ്രൻസ് പാർക്ക്, ലാൻഡ്സ്കേപ്, കുടിവെള്ള വിതരണം, സംരക്ഷണ ഭിത്തി, ഫെൻസിങ്, ശൗചാലയം, കഫ്റ്റീരിയ, എന്നിവയുടെ നിർമാണ പ്രവൃത്തികളായിരുന്നു മുടങ്ങിയത്. ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 59 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ടെൻഡറെടുത്ത കമ്പനിക്ക് എട്ടുമാസം കഴിഞ്ഞിട്ടും സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. 2018ലാണ് പ്രവൃത്തി തുടങ്ങിയത്. 2019ൽ പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
നമ്പികുളം മേഖലയിൽ കരിങ്കല്ല് ഭിത്തിയുടെ ബെൽറ്റ് കോൺക്രീറ്റ് നിർമാണമാണ് ഇപ്പോൾ തുടങ്ങിയത്. ടൂറിസം കേന്ദ്രം നിർമാണം പൂർത്തിയായാൽ നിരവധി വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. നമ്പികുളം മലയിൽ വാച്ച്ടവർ നേരത്തേതന്നെ നിർമിച്ചിട്ടുണ്ട്. 2000ലധികം മീറ്റർ ഉയരത്തിലുള്ള കാറ്റുള്ളമല-നമ്പികുളം ഭാഗത്തുനിന്നുള്ള കാഴ്ച നയനാനന്ദകരവും മനസ്സിന് കുളിരേകുന്നതുമാണ്. കോടമഞ്ഞ് പുതഞ്ഞ മലയോര കാഴ്ചകളും സഞ്ചാരികൾക്ക് ഹരം പകരുന്നു. എത്രയും വേഗം നിർമാണം പൂർത്തിയാക്കി സഞ്ചാരികൾക്ക് തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

