നടുവണ്ണൂർ പഞ്ചായത്ത് ഓഫിസ് ആക്രമിച്ചു; യുവാവ് പിടിയിൽ
text_fieldsനടുവണ്ണൂർ പഞ്ചായത്ത് ഓഫിസ് ആക്രമിച്ച നിലയിൽ
നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് ഓഫിസ് ആക്രമിച്ചു. യുവാവ് പിടിയിൽ. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പ്രകോപനമൊന്നുമില്ലാതെ പഞ്ചായത്ത് ഓഫിസ് അടിച്ചു തകർക്കുകയായിരുന്നു. കുടയിൽ കൊടുവാൾ ഒളിപ്പിച്ചാണ് യുവാവ് ഓഫിസിലേക്ക് കയറി വന്ന് ആക്രമണം നടത്തിയത്. കരുമ്പാപ്പൊയിലിലെ സനൽകുമാർ ആണ് (39) ആക്രമണം നടത്തിയത്. ജനൽ ചീളുകൾ തെറിച്ച് മൂന്ന് ജീവനക്കാരികൾക്ക് പരിക്കേറ്റു.ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പഞ്ചായത്ത് ഫ്രണ്ട് ഓഫിസ്, ജനസേവന കേന്ദ്രം, പഞ്ചായത്ത് സെർവർ റൂം എന്നിവയാണ് കൊടുവാൾ ഉപയോഗിച്ച് യുവാവ് തകർത്തത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാൾ ജോലിക്ക് ഉപയോഗിക്കുന്ന വലിയ കൊടുവാൾ ഉപയോഗിച്ചാണ് അക്രമം നടത്തിയത്.
15 മിനിറ്റോളം ആക്രമി കൊടുവാൾ ഉയർത്തി ഭീഷണി മുഴക്കി പഞ്ചായത്ത് ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ഇയാളെ ഓടിക്കൂടിയവർ കീഴ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജനൽ ചീളുകൾ തെറിച്ച് പരിക്കേറ്റ ജീവനക്കാരികളായ അശ്വതി, പ്രസന്ന, ഷൈമ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട ഒരു പരാതി ഇയാൾ പഞ്ചായത്തിൽ കൊടുത്തിരുന്നു. ഈ പരാതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡൻറിൻെറയും സാന്നിധ്യത്തിൽ ജൂലൈ 23ന് ഇരുകൂട്ടരെയും വിളിച്ച് ചർച്ച ചെയ്ത് സനൽ കുമാറിന് അനുകൂലമായി നിലപാടെടുത്ത് രമ്യമായി പരിഹരിച്ചിരുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ, പരിഹാരം തനിക്ക് സ്വീകാര്യമല്ല എന്ന് പറഞ്ഞാണ് ഇയാൾ ആക്രമണം നടത്തിയത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഓഫിസ് ആക്രമിച്ചതിനും ഇയാൾക്കെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസ് സ്േറ്റഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

