പഴകിയ ഭക്ഷണം: നാദാപുരത്ത് ഏഴു സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsകല്ലാച്ചി, നാദാപുരം മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷ ഓഫിസർ ഫെബിന അഷ്റഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
നാദാപുരം: ആരോഗ്യസുരക്ഷയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നാദാപുരത്ത് പരിശോധന ശക്തമാക്കി. നാദാപുരം, കല്ലാച്ചി എന്നിവിടങ്ങളിൽ ഗുരുതരവീഴ്ച കണ്ടെത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മത്സ്യവിൽപനകേന്ദ്രത്തിലും മാംസവിൽപന സ്റ്റാളുകളിലും നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാകുന്ന സാഹചര്യങ്ങളാണ് കണ്ടെത്തിയത്. ഇത്തരം ഒമ്പതു സ്ഥലത്താണ് പരിശോധന നടത്തിയത്.
ഏഴുപേർക്കെതിരെ പിഴ ചുമത്തി. കാലപ്പഴക്കവും വൃത്തിഹീനമായ ചുറ്റുപാടിലും മത്സ്യവിൽപന നടത്തിയ വിൽപനക്കാരനിൽനിന്ന് പിഴ ഈടാക്കി. ഷവർമ വിൽപന നടത്തുന്ന ആറു കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ അഞ്ചു കിലോ ഷവർമ, പഴകിയ കോഴി ഇറച്ചി, പത്തു കിലോ ചിക്കൻ പാർട്സ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഇവിടെയും വിൽപനക്കാരനിൽനിന്നു പിഴ ഈടാക്കി. അലക്ഷ്യമായി പാൽ വിൽപന നടത്തുകയും വിതരണംചെയ്യുകയും ചെയ്ത ഏജന്റിനെതിരെയും നടപടി സ്വീകരിച്ചു.
വിതരണത്തിനെത്തിക്കുന്ന പാൽ സൂര്യതാപം ഏൽക്കുന്ന തരത്തിൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് നിയമം. ശീതീകരണ ഉപകരണം പാൽ വിതരണത്തിന് നിർബന്ധമാണ്. ഇതു രണ്ടും പാലിക്കാതെ പാൽ വിതരണം നടത്തിയതിനും പിഴ ഈടാക്കി.
മിഠായി മുതൽ എല്ലാതരം ഭക്ഷണപദാർഥങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുമെന്നും മാർഗനിർദേശങ്ങൾ ലംഘിച്ചും ലൈസൻസില്ലാതെയും വിൽപന നടത്തുകയോ നിയമ ലംഘനം നടത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും നാദാപുരം മേഖല ഫുഡ് സേഫ്റ്റി ഓഫിസർ ഫെബിന അഷ്റഫ് പറഞ്ഞു.
ഒരുവർഷം 12 ലക്ഷത്തിൽ താഴെ വരുമാനം ലഭിക്കുന്ന ഭക്ഷ്യവിൽപന നടത്തുന്നവർ 100 രൂപ ഫീസ് നൽകിയും 12 ലക്ഷത്തിനു മുകളിലുള്ളവർ 2000 രൂപ ഫീസ് നൽകിയും ലൈസൻസ് എടുക്കാവുന്നതാണ്.
ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാണ്.
വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇതിന് മൊബൈൽ ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു. പരാതിയുള്ളവർക്ക് ടോൾഫ്രീ നമ്പറായ 18 0 0 4251125 അല്ലെങ്കിൽ 9048292 325 നമ്പറിലും ബന്ധപ്പെടാമെന്നും അവർ പറഞ്ഞു. പരിശോധനയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് എച്ച്.ഐ കെ. സതീഷ് ബാബുവും പങ്കെടുത്തു.
കൂൾബാറുകൾ അടപ്പിച്ചു
നാദാപുരം: ആരോഗ്യ വകുപ്പ് നടത്തിയ തുടർ പരിശോധനയിൽ രണ്ട് കൂൾ ബാറുകൾ അടപ്പിച്ചു. പഴകിയ ജ്യൂസുകൾ, പഴകിയ പാൽ, പാലുൽപന്നങ്ങൾ, വിവിധതരം മലിനമായ ഐസ്ക്രീമുകൾ, പഴകിയ ഇറച്ചികൾ എന്നിവ വിൽപനക്കായി വെച്ച നാദാപുരം പൊലീസ് സ്റ്റേഷൻ റോഡിലെ കുർത്തിഷ് കഫെ, ചെമ്പും മന്തിയും എന്നീ സ്ഥാപനങ്ങളാണ് ആരോഗ്യ വിഭാഗം അടപ്പിച്ചത്. ജലഗുണനിലവാര പരിശോധന നടത്താത്തതും തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നസ് കാർഡ് ഇല്ലാത്തതും ശുചിത്വ നിലവാരം ഇല്ലാത്തതുമായ മറ്റു രണ്ടു സ്ഥാപനങ്ങൾക്ക് പ്രശ്നം പരിഹരിക്കാൻ നോട്ടീസ് നൽകി. കോട്പ നിയമം ലംഘിച്ച കക്കംവെള്ളിയിലെ മത്സ്യബൂത്തിൽനിന്നും പിഴയീടാക്കി. മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ച ആവോലത്തെ 'ജ്യൂസ് ലോഞ്ച്' എന്ന സ്ഥാപനത്തിന് മാലിന്യം നീക്കിയതിനുശേഷം തുറക്കാൻ അനുമതി നൽകി.
ഇളനീർ തൊണ്ടുകൾ അലക്ഷ്യമായി നിക്ഷേപിക്കുകയും മലിനമായ ഫ്രൂട്സ് സൂക്ഷിച്ച മദീന ഫ്രൂട്സ് സ്റ്റാളിനും അവ പരിഹരിക്കുന്നതിന് നിർദേശം നൽകി. ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ വരുംദിവസങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ എം. ജമീലയും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

