വ്യാജ ആത്മീയതയുടെ പേരിൽ ചികിത്സ നിഷേധിക്കുന്ന സംഘങ്ങൾ പെരുകുന്നു
text_fieldsനാദാപുരം: വ്യാജ ആത്മീയതയുടെ പേരിൽ ചികിത്സ നിഷേധിക്കുന്ന സംഘങ്ങൾ പെരുകുന്നു. ആധുനിക ചികിത്സ ഒഴിവാക്കി ആത്മീയ ഗുരുക്കളുടെ നിർദേശപ്രകാരമുള്ള ചികിത്സയും പച്ചമരുന്ന് പ്രയോഗവും നടത്തുന്ന സംഘങ്ങളാണ് പെരുകുന്നത്. പ്രത്യേക ആത്മീയ സദസ്സുകൾ സംഘടിപ്പിച്ചാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
മാസാവസാനം ഇവരുടെ ആസ്ഥാന കേന്ദ്രങ്ങളിൽ പ്രത്യേക പ്രാർഥന സദസ്സുകൾ ഉണ്ടാകും. പ്രബല മതസംഘടനകൾ തള്ളിപ്പറഞ്ഞ ഇത്തരം ആത്മീയ സംഘങ്ങളുടെ കെണിയിൽപെട്ട് കടക്കെണിയിൽപെട്ടവരും കുടുംബം ശിഥിലമായവരും ധാരാളമുണ്ട്.
കഴിഞ്ഞ ദിവസം കല്ലാച്ചിയിൽ യുവതി മരണമടഞ്ഞത് ഇത്തരം ആത്മീയസംഘങ്ങൾ നിർദേശിച്ച ചികിത്സരീതിയെ തുടർന്നാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തുവരുകയുണ്ടായി.
ചർമരോഗം പിടിപെട്ട് ഗുരുതര സ്ഥിതിയിലായ യുവതിക്ക് ഭർതൃവീട്ടുകാർ ചികിത്സ നൽകിയില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെ കഴിഞ്ഞ ദിവസം ഭർതൃവീട്ടുകാർ വാർത്തസമ്മേളനം നടത്തി.
അലോപ്പതി ചികിത്സയിലെ വിശ്വാസക്കുറവ് കാരണം മടിക്കേരി കേന്ദ്രീകരിച്ചുള്ള പ്രത്യേക ചികിത്സ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഈ മാസം അഞ്ചിന് അസുഖം മൂർച്ഛിച്ചതോടെ ആലുവയിലേക്ക് വിദഗ്ധ ചികിത്സ നൽകാൻ എത്തിക്കുകയായിരുന്നുവെന്നാണ് മകൻ ബഷീറും ബന്ധുക്കളും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
ചികിത്സക്കായി എട്ടു ലക്ഷത്തോളം രൂപ ചെലവായതായും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

