അപകടാവസ്ഥയിൽനിന്ന് മോചനം; റേഷൻകട പുതിയ കെട്ടിടത്തിലേക്കു മാറ്റി
text_fieldsകുമ്മങ്കോട് 168 നമ്പർ റേഷൻകടയുടെ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി നിർവഹിക്കുന്നു
നാദാപുരം: അപകടവും ദുരിതവും പേറി റേഷൻ കടയിലെത്തിയിരുന്ന നാട്ടുകാർക്ക് ആശ്വാസം. റേഷൻകട പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. റോഡിലെ അപകടഭീഷണിക്കൊപ്പം തകർന്നുവീഴാൻ പാകത്തിൽ ചേലക്കാട് തണ്ണീർപന്തൽ റോഡിൽ കുമ്മങ്കോട്ട് പ്രവർത്തിച്ചിരുന്ന 168 നമ്പർ റേഷൻകടക്കാണ് ഒടുവിൽ ശാപമോക്ഷം ലഭിച്ചിരിക്കുന്നത്. 50 വർഷത്തോളമായി ജീർണിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന റേഷൻകട മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
മഴക്കാലത്ത് വെള്ളം കയറി നാട്ടുകാർക്ക് ഇവിടെയെത്താൻ കഴിഞ്ഞിരുന്നില്ല. കുമ്മങ്കോട് ടൗണിൽതന്നെയുള്ള പുതുക്കിയ കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയിരിക്കുന്നത്.
പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി നിർവഹിച്ചു. വടകര താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ അധ്യക്ഷത വഹിച്ചു. നാദാപുരം റേഷനിങ് ഇൻസ്പെക്ടർ കെ.കെ. ശ്രീധരൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബർമാരായ സുമയ്യ പാട്ടത്തിൽ, രോഷ്‌ന പിലാക്കാട്ട്, ടി. ലീന, റേഷനിങ് ഇൻസ്പെക്ടർമാരായ ടി.വി. നിജിൻ, കെ.പി. കുഞ്ഞികൃഷ്ണൻ, പൊതു പ്രവർത്തകരായ കെ.വി. ഗോപാലൻ, പി.കെ. ദാമു, കോരൻകണ്ടി കുഞ്ഞബ്ദുല്ല, കെ.സി. കണ്ണൻ, കെ.ടി.കെ. ചന്ദ്രൻ, അഡ്വ. കെ.എം. രഘുനാഥ്, ജമാൽ കല്ലാച്ചി, സി.ആർ. ഗഫൂർ, കെ. രഞ്ജിത്ത്, കെ. കുമാരൻ എന്നിവർ സംസാരിച്ചു. കുമ്മങ്കോട് ടൗണിൽ 350 സ്ക്വയർ ഫീറ്റ് വലുപ്പമുള്ളതും ചുമരും തറയും ടൈൽ പാകി വൃത്തിയാക്കിയതും ഉപഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ വാങ്ങാനായി കാത്തുനിൽക്കാനും സൗകര്യപ്രദമായ സ്ഥലത്താണ് പുതിയ റേഷൻകട.