പുറമേരിയിൽ ജനവാസകേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsനാദാപുരം: പുറമേരി കുനിങ്ങാട് റോഡിൽ ജനവാസകേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി. കുനിങ്ങാട് റോഡിൽ പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾക്ക് സമീപവും കുഞ്ഞേക്കൻ പീടിക പരിസരത്ത് തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ലോറിയിലോ മറ്റോ എത്തിച്ച് പൈപ്പ് വഴി തോട്ടിലേക്ക് ഒഴുക്കിയതാണെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയിൽ മാലിന്യം പരന്നൊഴുകിയത് ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് മെംബർ കെ.എം. സമീർ നാദാപുരം പൊലീസിൽ പരാതി നൽകി. മാലിന്യം തള്ളിയ ടാങ്കർ ലോറിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.

