എൺപത്തി അഞ്ചിലും രാഷ്ട്രീയ ആവേശംചോരാതെ പണാറത്ത്
text_fieldsപണാറത്ത് കുഞ്ഞിമുഹമ്മദ്
നാദാപുരം: രാഷ്ട്രീയത്തിലെ ചടുലനീക്കങ്ങൾകൊണ്ടും സംഘാടനമികവുകൊണ്ടും നാദാപുരത്തെ നിറസാന്നിധ്യമായിരുന്നു പണാറത്ത് എന്ന പണാറത്ത് കുഞ്ഞിമുഹമ്മദ്. മുൻ നിയമസഭ അംഗവും മുസ്‍ലിം ലീഗിന്റെ തലമുതിർന്ന നേതാവുമായ പണാറത്ത് ആരോഗ്യപരമായ കാരണങ്ങളാൽ ഇപ്പോൾ നേതൃപദവിയിൽ ഇല്ലെങ്കിലും 85ാം വയസ്സിൽ എടച്ചേരിയിലെ തറവാട്ടുവീട്ടിലിരുന്ന് രാഷ്ട്രീയചലനങ്ങൾ മാധ്യമങ്ങളിലൂടെ വിടാതെ പിന്തുടരുന്നുണ്ട്.
ഹൈസ്കൂൾ പഠനകാലത്ത് എം.എസ്.എഫ് പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പ്. കുറഞ്ഞകാലം സോഷ്യലിസ്റ്റ്ചിന്താഗതി പുലർത്തിയ അദ്ദേഹം പിന്നീട് മുസ്‍ലിം ലീഗിന്റെ അടിയുറച്ച പോരാളിയായി. നീണ്ട 30 വർഷം നാദാപുരം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും രണ്ടുവർഷം വടകര താലൂക്ക് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. 1965ൽ നാദാപുരം മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും സി.പി.എമ്മിലെ സി.എച്ച്. കണാരനോട് പരാജയപ്പെട്ടു. 1977ൽ മേപ്പയൂരിൽ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാൻ ഹാജിയെ പരാജയപ്പെടുത്തി എം.എൽ.എ ആയി.
1985ൽ പെരിങ്ങളം ഉപതെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിനോട് തോറ്റു. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ എടച്ചേരി ഗ്രാമപഞ്ചായത്തിൽ 12 വർഷം വൈസ് പ്രസിഡന്റ് സ്ഥാനവും രണ്ടുവർഷം പ്രസിഡന്റ് സ്ഥാനവും വഹിച്ച അപൂർവനേട്ടവും പണാറത്തിനുണ്ട്. എൺപതുകളിൽ രാഷ്ട്രീയ സംഘർഷഭൂമിയായി മാറിയ നാദാപുരത്ത് സമാധാനത്തിന്റെ ദൂതുമായി ഇറങ്ങിയ പണാറത്തിനെപ്പോലുള്ളവരുടെ ഇടപെടലുകൾ ഏറെ ഗുണം ചെയ്തിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തിൽ ആവോലത്ത് നീതു എന്ന ബാലിക ബോംബ് പൊട്ടി മരിച്ചപ്പോൾ, നടന്ന സമാധാന യോഗത്തിൽ 'ഇനി നമുക്ക് എല്ലാം അവസാനിപ്പിച്ചുകൂടേ' എന്ന പണാറത്തിന്റെ വികാരഭരിതമായ ചോദ്യം രാഷ്ട്രീയനേതാക്കൾ മുതൽ അന്ന് യോഗത്തിൽ പങ്കെടുത്ത ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സദസ്സ് ഏറെ ഗൗരവത്തിലാണ് ഉൾക്കൊണ്ടത്. ലീഗിൽ പലപ്പോഴായുണ്ടായ പിളർപ്പിന്റെ ഘട്ടത്തിലെല്ലാം ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചു. ഇതിനിടയിൽ നിരവധി സർക്കാർ സ്ഥാപനങ്ങളിലും അദ്ദേഹം ചുമതലകൾ വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

