ഓപറേഷൻ പി ഹണ്ട്: ചെക്യാട് പഞ്ചായത്തിൽ പൊലീസ് പരിശോധന
text_fieldsനാദാപുരം: ഇൻറർനെറ്റിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോയും ഡൗൺലോഡും അപ്ലോഡും ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് പരിശോധന നടത്തി. ചെക്യാട് പഞ്ചായത്തിലെ പുളിയാവ്, വേവം, കുറുന്തേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ചോദ്യംചെയ്തു.
ഇവരുടെ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണും പൊലീസ് പരിശോധിച്ചു. ഇൻറർനെറ്റിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോയും തിരയുന്നവരുടെയും ഡൗൺലോഡ്, അപ്ലോഡ് ചെയ്യുന്നവരുടെയും വിവരശേഖരമൊരുക്കുന്നതിെൻറ ഭാഗമായാണ് പരിശോധന. കേരള സൈബർ ഡോമും കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ വിഭാഗവുമാണ് നേതൃത്വം നൽകുന്നത്.
ഫറോക്ക്: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ 1300ൽ പരം അശ്ലീല വിഡിയോ കൈവശംവെച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര പാലക്കോട് പറമ്പിൽ മുഹമ്മദ് മിദ്ലാജിനെയാണ് (22) ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
അശ്ലീല സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് കൈവശം സൂക്ഷിക്കുകയും പലർക്കും കൈമാറുകയും ചെയ്തതിനാണ് അറസ്റ്റ്. ഫറോക്ക് സി.ഐ കെ. കൃഷ്ണെൻറ നേതൃത്വത്തിൽ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

