നൂർജഹാെൻറ മരണം: ആവശ്യമായ ചികിത്സ നൽകിയിരുന്നതായി മകൻ
text_fieldsനൂർജഹാൻ
നാദാപുരം: മന്ത്രവാദചികിത്സക്കു വിധേയമായി മരിച്ചതായി ആരോപണമുയർന്ന യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നതായി മകൻ ബഷീറും ബന്ധുക്കളും നാദാപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നൂർജഹാന് രോഗാരംഭം മുതൽ ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ട്. 2020 ഡിസംബറിലാണ് ആദ്യമായി തൊലിപ്പുറത്തുള്ള രോഗത്തിന് ചികിത്സ നടത്തുന്നത്.
വടകരയിലെ ചർമരോഗ വിദഗ്ധെൻറ ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സ നടത്തിയിട്ടുണ്ട്. എന്നാൽ, അസുഖം ഭേദമാകാത്തതിനെ തുടർന്ന് ആയുർവേദ/ഹോമിയോ ചികിത്സ നൽകി വരുകയായിരുന്നു. ഇതിനിടയിൽ അസുഖം കൂടുകയും തിങ്കളാഴ്ച പുലർച്ചെ നൂർജഹാനെ ആലുവയിലെ തഖ്ദീസിൽ എത്തിക്കുകയുമായിരുന്നു. ഇവിടെവെച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ വളയം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്ന് മൃതദേഹവുമായി കല്ലാച്ചിയിലെ വീട്ടിലേക്കു വരുകയായിരുന്ന ആംബുലൻസ് പൊലീസ് തടഞ്ഞ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.
ആലുവയിലേക്കും അന്വേഷണം വ്യാപിപ്പിക്കണം –വിസ്ഡം വനിതാ വിങ്
നാദാപുരം: ചികിത്സ ലഭിക്കാതെ അന്ധവിശ്വാസത്തിനിരയായി കല്ലാച്ചി സ്വദേശിനി നൂർജഹാൻ മരിച്ച സംഭവത്തിന്റെ അന്വേഷണം ആലുവയിലേക്കും വ്യാപിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് വിമൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
അവശനിലയിൽ നൂർജഹാനെ കൊണ്ടുപോയത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കാണ്. പ്രസ്തുത കേന്ദ്രത്തിലെ മന്ത്രവാദിയാണ് നൂർജഹാെൻറ ഭർത്താവിന് ചികിത്സ നിഷേധിക്കാൻ പ്രേരണ നൽകിയത് എന്ന ന്യായമായ വസ്തുത കൂടുതൽ അന്വേഷണ വിധേയമാക്കാൻ പൊലീസ് ജാഗ്രത കാണിക്കണം. രോഗം വന്നാൽ ചികിത്സിക്കണമെന്ന പ്രവാചകാധ്യാപനങ്ങൾ തള്ളിക്കളഞ്ഞതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നിരിക്കെ, മന്ത്രവാദ-ആത്മീയവാണിഭ സംഘത്തിനെതിരെ മുസ്ലിം സ്ത്രീകൾ രംഗത്തു വരണമെന്നും നാദാപുരം മണ്ഡലം ശരീഫ മേനാറത്ത്, ഷഫീല വടക്കയിൽ എന്നിവർ ആവശ്യപ്പെട്ടു.
മന്ത്രവാദ ചികിത്സകൾ തടയാൻ സർക്കാർ നിയമനിർമാണം നടത്തണം
–ഹുസൈൻ മടവൂർ
നാദാപുരം: മന്ത്രവാദ ചികിത്സകൾ തടയാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നും നിയമത്തിലെ പഴുതുകൾ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുകയാണെന്നും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ നാദാപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രോഗത്തിന് ചികിത്സ നൽകുക എന്നത് മൗലിക ബാധ്യതയാണ്. ചികിത്സ ഇസ്ലാമിക ബാധ്യതയാണ്. നൂർജഹാൻ എന്ന യുവതിക്ക് മന്ത്രവാദത്തിെൻറ പേരിൽ ചികിത്സ നൽകാതെ പീഡിപ്പിച്ചത് ഗൗരവകരമായ കാര്യമാണ്.
കുറ്റകൃത്യത്തെ കുറിച്ച് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടക്കാത്തത് ദുരൂഹമാണ്. പരിഷ്കൃത സമൂഹത്തിൽ ഇത്തരം സംഘങ്ങൾക്ക് വേരോട്ടമുണ്ടാക്കാൻ നിഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നതായും ഇവരെ സമൂഹത്തിനുമുന്നിൽ തുറന്നു കാണിക്കാൻ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രവാദ ചികിത്സക്കിടെ മരണമടഞ്ഞ നൂർജഹാെൻറ വീടും അദ്ദേഹം സന്ദർശിച്ചു. ജില്ല സെക്രട്ടറി സി.കെ.എം സകരിയ്യ, സി.കെ. പോക്കർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
നൂർജഹാൻെറ സഹോദരിയുടെ വീട്ടിൽ മോഷണം; പണവും സ്വർണവും നഷ്ടമായി
നാദാപുരം: മുതുവടത്തൂർ പോസ്റ്റ് ഓഫിസ് പരിസരത്തെ വീട്ടിൽ മോഷണം. പണവും സ്വർണവും നഷ്ടമായി.ചികിത്സക്കിടെ മരിച്ച കുനിങ്ങാട്ടെ നൂർജഹാൻെറ സഹോദരി കിഴിക്കുടുക്കയിൽ ജുബൈരിയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ച 10,000 രൂപയും ഒരു പവൻ ആഭരണവും നഷ്ടമായി. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ഗൃഹനാഥൻ ഹംസ ഗൾഫിലാണ്.
നൂർജഹാൻെറ മരണത്തെ തുടർന്ന് വീട്ടുകാർ വീടുപൂട്ടി മരണവീട്ടിലായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിെൻറ നിർമാണപ്രവൃത്തിക്കെത്തിയ തൊഴിലാളികളുടെ പണിയായുധങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് മോഷണം മനസ്സിലായത്. പണിയായുധം ഉപയോഗിച്ചാണ് വാതിൽ തകർത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിലുണ്ടായിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടതായി ബോധ്യമായി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗർപ്രിൻറ് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

