ലോഗിൻ നടപടികൾ പൂർത്തിയായില്ല: വിദ്യാർഥികൾക്ക് ന്യൂനപക്ഷ സ്കോളർഷിപ് നഷ്ടമായേക്കും
text_fieldsനാദാപുരം: ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതിയുടെ സ്കൂൾ ലെവൽ വെരിഫിക്കേഷൻ നടപടികൾ മന്ദഗതിയിൽ. സ്കോളർഷിപ്പുകൾ നഷ്ടപ്പെടുമെന്ന ആശങ്ക വർധിക്കുന്നു. ഓൺലൈനിൽ രക്ഷിതാക്കൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹത ലഭിക്കുന്നത്. നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവരും ഓൺലൈനിലൂടെ അപേക്ഷ പുതുക്കിനൽകണം. ഈ അപേക്ഷകൾ സ്കൂൾ തലത്തിൽ നടത്തുന്ന പരിശോധനയാണ് കുട്ടിയെ പ്രാഥമിക പരിഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പിന്നീട് എ.ഇ.ഒ അടക്കം ഉയർന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിക്കുന്ന ലിസ്റ്റുകൾ വഴി സംസ്ഥാനതല പട്ടിക പൂർത്തിയാക്കും.
സ്കൂൾ വഴി നടപടിക്രമം പൂർത്തിയാക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. എന്നാൽ, പ്രാഥമിക അംഗീകാരം നൽകേണ്ട സ്കൂൾതല പരിശോധന നടപടികൾ പൂർത്തിയാകാത്ത നിരവധി അപേക്ഷകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള 53500ലധികം അപേക്ഷകൾ സ്കോളർഷിപ് പോർട്ടലിലെ സ്കൂൾ ലോഗിനിൽ കെട്ടിക്കിടക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പ് കണക്ക്.
സ്കൂൾ പ്രധാനാധ്യാപകരാണ് ഈ നടപടി പൂർത്തിയാക്കേണ്ടത്. ഈ ജോലി പൂർത്തിയാക്കാൻ ഏഴു ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ആയിരക്കണക്കിന് കുട്ടികൾക്ക് സ്കോളർഷിപ് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിെൻറ അവലോകന യോഗത്തിൽ സംസ്ഥാനത്തെ ഈ അവസ്ഥയെക്കുറിച്ച് പ്രത്യേക പരാമർശം നടന്നതായാണ് വിവരം. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പ്രതിമാസം 1000 രൂപ ലഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അർഹത.