നാദാപുരം: കടമേരിയിൽ മയക്കുമരുന്ന് കേസിലെ പ്രതിയുടെ വീടാക്രമിച്ച കേസിൽ കണ്ണൂരിലെ ഗുണ്ട സംഘങ്ങൾക്കെതിരെ നാദാപുരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അക്രമം നടന്ന വീടിന്റെ ഉടമ പാലോറ നസീറിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ നാറാത്ത് സ്വദേശി ഹാനി അത്താഫ്, ചാണ്ടി ഷമീം എന്ന മഹ്ദി ഷമീം, നൗഫൽ എന്നിവർ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ പ്രതിയായ നബീൽ അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2021 നവംബർ 23ന് രാത്രിയിലാണ് കടമേരിയിലെ പാലോറ നസീറിന്റെ മകനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ നിയാസും കണ്ണൂര്‍ നാറാത്ത് സ്വദേശി ഹാനിയും തമ്മില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കത്തിനിടെ ഹാനിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വാഹനങ്ങളിലായി കടമേരിയിലെത്തി വീട്ടുകാരെയും നാട്ടുകാരെയും ആക്രമിച്ചത്.
തുടർന്ന് ഒളിവിൽപോയ ക്വട്ടേഷൻ സംഘാംഗങ്ങളെ കണ്ണൂരിലെ ഒളിത്താവളങ്ങളിൽനിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ ഒന്നാം പ്രതിയായ ഹാനി സോഷ്യൽ മീഡിയയിൽ നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയച്ചു.
തുടർന്ന് പ്രതികൾക്കെതിരെ നടപടി ശക്തമാക്കിയ പൊലീസ് ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടുകയായിരുന്നു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി കുറ്റപത്രം സമർപ്പിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളാണ് ഹാനി അത്താഫും സംഘവും.