വേണ്ടത് രണ്ടു കി.മീ റോഡ്കാത്തിരിപ്പ് തുടങ്ങിയിട്ട് 40 വർഷം
text_fieldsനാദാപുരം: കോഴിക്കോട് ജില്ലയിലെ വാണിമേൽ വിലങ്ങാട് പാനോത്തുനിന്നും വയനാട് ജില്ലയിലെ ലേക്കുള്ള നിർദിഷ്ട ചുരമില്ലാ റോഡ് യാഥാർഥ്യമാകാതെ നീളുന്നു. 1977ൽ അന്നത്തെ വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവായിരുന്നു ഈ റോഡിന്റെ സാധ്യതകൾ പഠിക്കാനും തുടർ നടപടി സ്വീകരിക്കാനുമായി ഫണ്ട് അനുവദിച്ചത്. അന്നു മുതൽ 40 വർഷമായി വിലങ്ങാട് നിവാസികൾ റോഡ് യാഥാർഥ്യമാക്കാൻ മന്ത്രി മന്ദിരങ്ങളും സർക്കാർ ഓഫിസുകളിലും കയറിയിറങ്ങുകയാണ്. ഇതുവരെ ഫയലുകൾക്ക് ജീവൻ വെച്ചിട്ടില്ല. വിലങ്ങാട് പാനോത്തുനിന്ന് തുടങ്ങി വയനാട് ജില്ലയിലെ തോണ്ടർനാട് പഞ്ചായത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ കുങ്കിച്ചിറ വഴി കുഞ്ഞോത്ത് എത്തുന്ന പഴശ്ശി രാജ റോഡിന്റെ ആകെ നീളം 6.94 കി.മീ മാത്രമാണ്.ഇതിൽ 2.6കി.മീ നീളത്തിൽ 1969 ൽ സർക്കാർ തേക്ക് പ്ലാന്റേഷനിലൂടെയും 2.281 മീറ്റർ നീളത്തിൽ വനഭൂമിയിലൂടെയും ആറു മീറ്റർ വീതിയിൽ റോഡ് നിലവിലുണ്ട്. ശേഷിക്കുന്ന രണ്ട് കിലോമീറ്ററിൽ മാത്രമാണ് പുതിയ റോഡ് വെട്ടേണ്ടത്.
കണ്ടിവാതുക്കൽ, ചിറ്റാരി, മാടാഞ്ചേരി, പറക്കാട്, പന്നിയേരി, കുറ്റല്ലൂർ, ഉരുട്ടി, അടുപ്പിൽ, വായാട് മട്ടില്ലം കോളനി, ചാപ്പ കോളനി, കുഞ്ഞോം കോളനി ചിറക്കൽ കോളനി, ആലാറ്റിൽ കോളനിയടക്കം പതിനാല് ആദിവാസി കോളനികൾ ഈ റോഡുമായി ബന്ധപ്പെട്ടുകിടക്കുന്നു. പഴശ്ശി രാജാവിന്റെ തേരോട്ട കാലത്ത് ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലം കൂടിയാണിവിടം. പഴശ്ശിരാജ കുറിച്യ പോരാട്ടങ്ങൾ നടന്ന പ്രദേശമായതിനാൽ ഈ റോഡിന് പഴശ്ശിരാജ റോഡ് എന്ന് നാമകരണവും ചെയ്യപ്പെട്ടിരുന്നു. റോഡ് കടന്നുപോകുന്ന വഴിയിൽ കാനനഭംഗി തുളുമ്പി നിൽക്കുന്ന വൻ മരങ്ങളും, പാറകളും, നിരവധി അപൂർവ മരങ്ങളും, ചെറു പാറകൾക്കിടയിലൂടെ ഒഴുകുന്ന തോടുകളും ധാരാളമായുണ്ട്.
2004 ൽ വയനാട് തൊണ്ടർനാട് പഞ്ചായത്ത് റോഡ് നിർമിക്കാനുള്ള ഭൂമി പൊന്നും വിലയ്ക്കെടുത്ത് വനം വകുപ്പിന് കൈമാറാനും ഇതിനുള്ള പണം പൊതുജനങ്ങളിൽ നിന്ന് കണ്ടെത്താനും തീരുമാനിച്ചിരുന്നു.
തുടർന്ന് വനം വനഭൂമിയിൽ സർവേ നടക്കുകയും സംസ്ഥാനപാതയായി വികസിപ്പിക്കാവുന്ന ഏറ്റവും ലാഭകരമായ പാതയാണെന്നും കണ്ടെത്തിയിരുന്നു. എല്ലാവർക്കും കോഴിക്കോട് വയനാട് ജില്ലകളിലുള്ളവർക്ക് ഒരുപോലെ ഉപകാരപ്രദമാകുന്ന റോഡ് യാഥാർഥ്യമാക്കുന്നതിന് എം.പി, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ മേധാവികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് നാദാപുരം മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഹ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

