പുറമേരിയിലെ ഭക്ഷ്യവിഷബാധ; ആരോഗ്യവകുപ്പ് കൂടുതൽ നടപടികളിലേക്ക്
text_fieldsനാദാപുരം: പുറമേരിയിൽ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച ഉണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ആരോഗ്യവിഭാഗത്തിന് നിർദേശം. നൂറോളം ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ അടിയന്തര പൊതുജന ആരോഗ്യ സമിതി യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം തയാറാക്കിയ പാചകക്കാരനെതിരെ പഞ്ചായത്ത് രാജ് നിയമം, പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കാൻ നോട്ടീസ് നൽകി.
ഗൃഹപ്രവേശന ചടങ്ങ് നടത്തിയ ഗൃഹനാഥനും നേരത്തേ നോട്ടീസ് നൽകിയിരുന്നു.
വിഷബാധയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയിരുന്നത്. അശ്രദ്ധയോടെയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷണം ഉണ്ടാക്കിയതായും സർക്കാർ നിർദേശിച്ച ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പാചകക്കാർക്കില്ലെന്നും ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രങ്ങൾക്ക് ശുചിത്വവും ഗുണനിലവാരവും ഇല്ലായിരുന്നുവെന്നും ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഇതേതുടർന്ന് പുറമേരി ഗ്രാമപഞ്ചായത്തിൽ 50ആളുകളിൽ കൂടുതൽപേർ പങ്കെടുത്ത് ഭക്ഷണ വിതരണം നടക്കുന്ന എല്ലാ പരിപാടികളും ഹെൽത്ത് ഓഫിസറെയോ ഹെൽത്ത് ഇൻസ്പെക്ടറെയോ 15 ദിവസം മുമ്പ് രേഖാമൂലം അറിയിക്കണമെന്ന് നിർദേശം നൽകി.
ആരോഗ്യ വിഭാഗം നിർദേശിക്കുന്ന പൊതുജനാരോഗ്യ സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം സംഘാടകർക്കെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. ഇസ്മയിൽ പുളിയംവീട്ടിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.