പാറക്കടവിൽ ഇരുമ്പുകടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsപാറക്കടവിൽ തീപിടിത്തമുണ്ടായ ഇരുമ്പുകട
നാദാപുരം: പാറക്കടവിൽ ഇരുമ്പുകടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കല്ലികണ്ടി സ്വദേശി അനിലിെൻറ ഉടമസ്ഥതയിലുള്ള പാറക്കടവ് - കല്ലിക്കണ്ടി റോഡിലെ വെൽക്കം ട്രേഡേഴ്സിലാണ് ബുധനാഴ്ച ഉച്ചക്ക് മൂന്നിനാണ് തീപിടിത്തം ഉണ്ടായത്. കടയിൽ ഇരുമ്പ് പൈപ്പ് മെഷീൻ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരി പാറിയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
തീ സമീപത്തെ അലമാരയിൽ സൂക്ഷിച്ച ടിന്നറിലേക്കും പെയിന്റ് ശേഖരത്തിലേക്കും പടരുകയായിരുന്നു. നാട്ടുകാർ വെള്ളം ഉപയോഗിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമായില്ല. ചേലക്കാട്നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയിൽ സൂക്ഷിച്ച പെയിൻറ് ടിന്നുകളും പി.വി.സി പാത്തികളും അലൂമിനിയം ഷീറ്റുകളും കത്തിനശിച്ചു.
വളയം എസ്.ഐ അനീഷ് വടക്കേടത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. രണ്ടേമുക്കാൽ ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.

