തെരഞ്ഞെടുപ്പ്; വാണിമേലിൽ നൂറോളംപേർക്കെതിരെ കേസ്
text_fieldsനാദാപുരം: തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന് മുന്നിലുണ്ടായ അനിഷ്ടസംഭവത്തിൽ നൂറോളം സി.പി.എം, ലീഗ് പ്രവർത്തകർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വാണിമേൽ ഒന്നാം വാർഡിൽ നിരത്തുമ്മൽ പീടികയിലെ അൻവാറുൽ ഇസ്ലാം മദ്റസ ബൂത്തിലാണ് അക്രമം അരങ്ങേറിയത്.
വോട്ടെടുപ്പ് ദിവസം ഇരുകൂട്ടരും ബൂത്തിന് മുമ്പിൽ പരസ്പപരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പൊതുജനത്തിന് ശല്യമുണ്ടാകും വിധത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ആളുകളെ പിരിച്ചുവിടാൻ സ്ഥലത്ത് ടിയർ ഗ്യാസ് ഷെൽ പൊട്ടിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസ് ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചതെന്നാണ് നാട്ടുകാരും ലീഗ് നേതാക്കളും ആരോപിക്കുന്നത്. ഇതിനിടയിലാണ് കേസെടുത്തത്.
പ്രതിഷേധിച്ചു
നാദാപുരം വളരെ ശാന്തമായി പോളിങ് പൂർത്തിയാക്കിയ വാണിമേലിലെ വിവിധ ബൂത്തുകളിലും പരിസരങ്ങളിലും അകാരണമായി സംഘർഷാവസ്ഥ സൃഷ്ടിച്ച വളയം പൊലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം. ബൂത്തിനകത്ത് ചെറിയ തർക്കങ്ങളല്ലാതെ ഒരുവിധ രാഷ്ട്രീയ സംഘർഷവും ഉണ്ടാകാത്ത കോടിയൂറയിലും നിരത്തുമ്മൽ പീടികയിലുമാണ് ഇന്നലെ പൊലീസ് അകാരണമായ പ്രകോപനമുണ്ടാക്കിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.
വോട്ടർമാരെയും ബൂത്ത് ഏജന്റുമാരെയും പിന്നാലെ ഓടി അടിക്കുകയും വീടുകളിൽ കയറി കുട്ടികളെ വരെ ആക്രമിക്കാൻ ശ്രമിച്ചതും ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് നേതാക്കൾ പറഞ്ഞു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഭൂമിവാതുക്കലിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. മൂസ, കെ. കുഞ്ഞാലി, എം.കെ. മജീദ്, എൻ.കെ. മുത്തലിബ്, കെ.വി. കുഞ്ഞമ്മദ്, അസ്ലം കളത്തിൽ എന്നിവർ പങ്കെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ നജ്മു സാഖിബിനെ അടിച്ചു പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. അഷ്റഫ് കൊറ്റാല ഉദ്ഘാടനം ചെയ്തു. കെ.പി. അഷ്കർ അധ്യക്ഷത വഹിച്ചു. പൊലീസ് നടത്തിയ അതിക്രമത്തിൽ വനിത ലീഗ് പഞ്ചായത്ത് കമ്മിറ്റിയും കെ.എം.സി.സിയും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

