വിദേശത്തു നിന്നെത്തിയ യുവാവിനെ ഒരു കോടിയുടെ സ്വർണവുമായി കാണാതായി; സ്വൈരം കെടുത്തി ക്വട്ടേഷൻ സംഘങ്ങൾ
text_fieldsrepresentational image
നാദാപുരം: ഒന്നര കിലോ സ്വർണവുമായി വിദേശത്തുനിന്നെത്തിയ യുവാവ് അപ്രത്യക്ഷനായി. യുവാവിനെ കണ്ടെത്താൻ ക്വട്ടേഷൻ സംഘങ്ങൾ നാദാപുരം മേഖലയിൽ കറങ്ങി നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. ബഹ്റൈനിൽ ജോലിചെയ്യുന്ന നാദാപുരം ഇയ്യങ്കോട് സ്വദേശിയായ യുവാവിനെ തിരഞ്ഞാണ് ക്വട്ടേഷൻ സംഘം കറങ്ങുന്നത്. കഴിഞ്ഞദിവസം ഒരു കോടിയിൽപരം രൂപ വിലവരുന്ന ഒന്നര കിലോ സ്വർണവുമായി യുവാവ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയെന്നാണ് വിവരം. വിമാനത്താവളത്തിൽ കാത്തുനിന്ന സംഘത്തെ വെട്ടിച്ച് യുവാവ് മുങ്ങുകയായിരുന്നുവത്രെ. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ട് വാഹനങ്ങളിലായി എത്തിയ അജ്ഞാതസംഘം യുവാവിെൻറ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ വീടിന് സമീപത്തെ കടയിലും മറ്റും യുവാവിനെക്കുറിച്ച് സംഘം അന്വേഷണം നടത്തി.
സ്വർണം തിരിച്ചേൽപിച്ചാൽ വെറുതെ വിടാമെന്നും അല്ലെങ്കിൽ ശവം കാണേണ്ടിവരുമെന്നും യുവാവിനെ അറിയിക്കാൻ നാട്ടുകാരോട് പറയുകയും ചെയ്തു. യുവാവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് സംഘം മടങ്ങിയത്. ഇതിനിടെ സ്വർണവുമായി നാട്ടിലെത്തിയ യുവാവിനൊപ്പം ഇയാളുടെ തലശ്ശേരി സ്വദേശിനിയായ ഭാര്യയെ കുറിച്ചും വിവരമില്ല. വിദേശത്തുനിന്ന് സ്വർണം ഏൽപിച്ച കൊടുവള്ളി കേന്ദ്രീകരിച്ച സംഘമാണ് യുവാവിനെ തേടി എത്തിയതെന്നാണ് സൂചന. ഇതിനിടെ, ഗൾഫിൽ നിന്നെത്തിച്ച സ്വർണം കണ്ണൂരിലെ പൊട്ടിക്കൽ സംഘത്തിന് കൈമാറിയതായും ഇവരുടെ സംരക്ഷണത്തിലാണ് യുവാവുള്ളതെന്നും പറയപ്പെടുന്നു. അതിനിടെ രണ്ടുപേരെ കാണാതായിട്ടും തങ്ങൾക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നാദാപുരം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

