സ്വകാര്യ ഭൂമി കൈയേറി ഗേറ്റ് തകർത്തതായി പരാതി
text_fieldsസ്വകാര്യ വ്യക്തിയുടെ കെട്ടിടത്തോട് ചേർന്ന് നിർമിച്ച ഇരുമ്പ് ഗേറ്റ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിൽ മുറിച്ചുമാറ്റുന്നു
നാദാപുരം: മുദാക്കര പള്ളിക്ക് സമീപത്ത് സ്വകാര്യഭൂമി കൈയേറി വസ്തുവകകൾ നശിപ്പിച്ചതായി പരാതി. കൈയേറ്റത്തിനെതിരെ ഉടമ പൊലീസിലും കോടതിയിലും പരാതി നൽകി.
വർഷങ്ങളായി വീട്ടിലേക്കുള്ള വഴിയായി ഉപയോഗിക്കുന്ന സ്ഥലം പൊലീസിന്റെയും തൂണേരി പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ രണ്ടു ദിവസം മുമ്പ് ഒരു കൂട്ടമാളുകൾ കൈയേറുകയും താൻ സ്ഥാപിച്ച ഗേറ്റ് പൊളിച്ചുമാറ്റുകയും ചെയ്തതായി സ്ഥലം ഉടമ സി.എം. കുഞ്ഞമ്മദ് പറഞ്ഞു. തന്റെ വീട്ടിലേക്ക് സ്വന്തം പറമ്പ് വെട്ടി നിർമിച്ചതാണ് റോഡെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരിൽ ചിലരും പഞ്ചായത്തിലെ ഏതാനും ഉദ്യോഗസ്ഥരും ചേർന്ന് പൊതുസ്ഥലമാണെന്ന് അവകാശപ്പെട്ടാണ് ഗേറ്റ് പൊളിച്ചത്. എന്നാൽ, റോഡ് തന്റെ സ്വകാര്യ ഭൂമിയാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും രേഖകൾ സഹിതം തെളിയിക്കാനാവുമെന്നും ഉടമ പറഞ്ഞു.
നിലവിൽ ഭൂമിയിൽ മറ്റുള്ളവർ അതിക്രമിച്ച് കയറുന്നതിന് കോടതി സ്റ്റേ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാദാപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിക്കാൻ അധികൃതർ കൂട്ടാക്കിയില്ലെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ മാത്രമാണ് പരാതി സ്വീകരിക്കാൻ തയാറായതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

