പൂച്ചയെ രക്ഷിച്ച സംഭവം; മകെൻറ നന്മയിൽ മനംനിറഞ്ഞ് മൊയ്തുവും ആസ്യയും
text_fieldsപൂച്ചയെ രക്ഷിച്ചതിെൻറ പേരിൽ ദുബൈ ഭരണാധികാരിയുടെ അംഗീകാരം നേടിയ വിലാതപുരത്തെ റാഷിദിെൻറ കുടുംബം
നാദാപുരം: അപകടത്തിൽപെട്ട പൂച്ചയെ രക്ഷിച്ചതിന് മകന് ദുബൈ ഭരണാധികാരിയിൽനിന്നും സമ്മാനം ലഭിച്ച വിലാതപുരത്തെ കൊറ്റോത്ത് മുഹമ്മദിെൻറ കുടുംബവും നാട്ടുകാരും ആഹ്ലാദത്തിൽ. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അംഗീകാരമാണ് മകൻ അബ്ദുൽ റാഷിദിന് ലഭിച്ചതെന്ന് ഉപ്പ മുഹമ്മദും മാതാവ് ആസ്യയും മാധ്യമത്തോട് പറഞ്ഞു. ചെറുപ്പം മുതലേ റാഷിദിെൻറ ശീലമായിരുന്നു മിണ്ടാപ്രാണികളോടും പക്ഷികളോടുമുള്ള സ്നേഹമെന്ന് മാതാവ് ഓർത്തെടുത്തു. മൂന്നുവയസ്സുമുതൽ തുടങ്ങിയ പൂച്ചയോടുള്ള കമ്പമാണ് ദുബൈയിലെ തെൻറ കച്ചവട സ്ഥാപനത്തിലും പൂച്ചയെ അതിഥിയാക്കാൻ ഇടയാക്കിയത്. പഠനസമയത്തും 19 ആടുകളെ വളർത്തിയിരുന്നു. വീട്ടിലെ ഫാനിനു മുകളിൽ മകൻ ഒരുക്കിയ കൂട്ടിനുള്ളിൽ വർഷങ്ങളായി കൂടുകൂട്ടി താമസമാക്കിയ കുരുവി അലങ്കാരമായി ഇപ്പോഴുമുണ്ട്.
സംഭവം നടന്ന ഉടനെ തന്നെ പൂച്ചയെ രക്ഷിക്കുന്ന വിഡിയോ വീട്ടുകാർക്ക് ലഭിച്ചിരുന്നു. പിന്നീടാണ് വിഡിയോ ഏറെ ചർച്ചചെയ്യപ്പെട്ട വിവരം കുടുംബം അറിയുന്നത്. ദുബൈ ഭരണാധികാരിയിൽനിന്നുള്ള അംഗീകാരം കൂടി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. കഴിഞ്ഞ നവംബറിലാണ് വിവാഹത്തിന് ശേഷം റാഷിദ് ദുബൈയിലെ പിതാവിെൻറ കടയിലേക്ക് തിരിച്ചത്. പുളിയാവ് നാഷനൽ കോളജിലെ ബി.കോം ബിരുദധാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

