നാദാപുരത്ത് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകുന്ന ബജറ്റ്
text_fieldsനാദാപുരം പഞ്ചായത്ത് ബജറ്റ് പൊതുസഭയിൽ വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ് അവതരിപ്പിക്കുന്നു
നാദാപുരം: പഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് അഡ്വ. കെ.എം. രഘുനാഥ് അവതരിപ്പിച്ചു. 79.39 കോടി രൂപ വരവും 75.42 കോടി രൂപ ചെലവും 39.7 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബോർഡ് മീറ്റിങ്ങിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം പൊതുജന സഭയിലാണ് ബജറ്റ് അവതരണം നടത്തിയത്.
ജനസൗഹൃദവും വികസനോന്മുഖവുമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രസിഡൻറ് എം.കെ. സഫീറ പറഞ്ഞു.
കിടപ്പാടം ഇല്ലാത്ത മുഴുവൻ പേർക്കും വീട്, ഭൂമിയില്ലാത്ത എല്ലാവർക്കും വീട് നിർമാണത്തിന് ഭൂമി, സമഗ്ര പട്ടികജാതി വികസനം എന്നീ പദ്ധതികൾക്ക് തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. റോഡ് പുനരുദ്ധാരണത്തിന് 8.74 കോടി, പൊതു കെട്ടിട നിർമ്മാണത്തിന് 89 ലക്ഷം, കല്ലാച്ചി മത്സ്യ മാർക്കറ്റ് പുനർനിർമാണത്തിന് ഒരു കോടി, കാർഷിക മേഖലക്ക് 56.30 ലക്ഷം, വനിത ക്ഷേമത്തിന് 38 ലക്ഷം എന്നിവയും വകയിരുത്തി.
വിദ്യാലയങ്ങൾ സർഗാത്മകമാക്കുന്നതിന്റെ ഭാഗമായി ‘ശ്രേഷ്ഠ കൺമണി’ പദ്ധതി ആരംഭിക്കും. ഇതിനായി 50 ലക്ഷം രൂപയുടെ പഞ്ചവത്സര പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവജനങ്ങൾക്കായി സർഗ വസന്തം, ലിറ്ററേച്ചൽ ഫെസ്റ്റിവൽ, കളിസ്ഥല നിർമാണം, വൈദ്യതി ശ്മശാനം, കേന്ദ്രങ്ങൾ, നാദാപുരം ടൗൺ സന്ദര്യവത്കരണം, പുളിക്കൂൽ തോട് സൗന്ദര്യവത്കരണം, പൊതുജന പങ്കാളിത്തത്തോടെ മെഡി ഹെൽപ് എന്നിവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.പി. രജുലാൽ, സ്ഥിരം സമിതി അംഗങ്ങളായ റംല, പി.വി. വിജയലക്ഷ്മി, വി.അബ്ദുൽ ജലീൽ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

