വളയം ഹൈസ്കൂളിൽ സാമൂഹികവിരുദ്ധ അതിക്രമം: കേസെടുത്തു
text_fieldsനാദാപുരം: വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കമ്പ്യൂട്ടർ ഉൾപ്പെടെ ഉപകരണങ്ങൾ തകർത്തു. ഭക്ഷണശാലയിൽ മാലിന്യം തള്ളി. കിണർ മലിനമാക്കിയതായും സംശയം. സ്റ്റാഫ് റൂമിന്റെ ജനവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയവരാണ് അക്രമം നടത്തിയത്. മരവടി ഉപയോഗിച്ച് കമ്പ്യൂട്ടർ നിലത്ത് മറിച്ചിടുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന കസേരയും മറിച്ചിട്ട നിലയിലാണ്. സ്റ്റാഫ് മുറിക്കകത്ത് മണൽ വാരിയിടുകയും ചെയ്തു. സ്കൂളിലെ ഭക്ഷണശാലയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്തു.
സ്കൂൾ കിണർ മലിനമാക്കിയെന്ന സംശയത്തെ തുടർന്ന് കുടിവെള്ളം പരിശോധനക്കയച്ചു. കുഴൽ കിണറിൽനിന്ന് വെള്ളം ശേഖരിച്ചാണ് ഉച്ചഭക്ഷണം തയാറാക്കിയത്. തിങ്കളാഴ്ച രാവിലെ സ്റ്റാഫ് റൂമിലെത്തിയ അധ്യാപകരാണ് സംഭവം കണ്ടത്. പ്രധാനാധ്യാപിക പി.കെ. സുമ വളയം പൊലീസിൽ പരാതി നൽകി. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രികാലങ്ങളിൽ സ്കൂൾ വളപ്പ് കേന്ദ്രീകരിച്ച് മദ്യപാനികളുടെ സ്ഥിരം താവളമാണെന്ന് നാട്ടുകാർ പറഞ്ഞു. ചുറ്റുമതിൽ നിർമാണം പാതിവഴിയിൽ നിലച്ചതോടെയാണ് മദ്യപാനികൾ സ്കൂൾ വളപ്പിൽ പ്രവേശിക്കുന്നത്. പ്രധാനാധ്യാപികയുടെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.