നാദാപുരം; പിടിച്ചെടുക്കാന്‍ അഭിജിത്, നിലനിർത്താൻ വസന്തം
text_fieldsനാദാപുരം: എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റ് തിരിച്ചു പിടിക്കാനും സീറ്റ് നിലനിർത്താനുമുള്ള വാശിയേറിയ പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും നാദാപുരത്ത് നടത്തുന്നത്. കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും 10 വർഷമായി ഇ.കെ.വിജയൻ എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി. വസന്തം മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. മണ്ഡല രൂപവത്കരണത്തിന് ശേഷം ഒരു പ്രാവശ്യമേ വലത്തോട്ട് ചരിഞ്ഞ ചരിത്ര മുള്ളൂ. ബാക്കി മുഴുവൻ സമയവും സി.പി.ഐ പ്രതിനിധികളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയാണ് ഇടതു കേന്ദ്രങ്ങളും സ്ഥാനാർഥിയും പ്രകടിപ്പിക്കുന്നത്. എന്നാൽ, പോരാട്ടം അവസാന ലാപ്പിൽ എത്തിയതോടെ യു.ഡി.എഫ് സ്ഥാനാർഥി കെ.എം.അഭിജിത് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.
കനത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ രാഷ്ട്രീയ കാലാവസ്ഥ ആർക്ക് അനുകൂലമാകുമെന്ന പ്രവചനം അസാധ്യമാക്കിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മണ്ഡലത്തിൽ 50 കൊല്ലമായി നില നിൽക്കുന്ന വികസന മുരടിപ്പ് മാറ്റിയെടുക്കാൻ മാറ്റം അനിവാര്യമാണെന്ന പ്രചാരണമാണ് യു.ഡി.എഫ് പ്രധാനമായും ഉയർത്തിയത്. പ്രവാസികളും, മലയോര കർഷകരും ഏറെയുള്ള മണ്ഡലത്തിൽ ഇവർക്കാവശ്യമായ ഒരു പദ്ധതിയും നടപ്പിലാക്കാൻ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ലെന്നും കാർഷിക മേഖല ഒന്നാകെ തകർന്നിരിക്കയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. വന്യ ജീവി ആക്രമണം, കാർഷിക വിളകളുടെ നാശം എന്നിവയിൽ മലയോര കർഷകർ ഏറെ പ്രതിസന്ധിയിലാണ്.
താരപദവിയിലുള്ള നേതാക്കളുടെ പര്യടനത്തിലൂടെ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ഇരു മുന്നണികളും. വിദ്യാർഥികളും യുവാക്കളും ഏത് ഭാഗത്തേക്ക് ചായുന്നുവോ അത് മണ്ഡലത്തിലെ വോട്ടിങ് നിലയെ ബാധിക്കുമെന്ന തിരിച്ചറിവിൽ ഈ വിഭാഗത്തെ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥികൾ കരുക്കൾ നീക്കിയത്. കഴിഞ്ഞ വർഷം ഇ.കെ.വിജയന് 4,000 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷമാണുള്ളത്. പാർലമെന്‍റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ കെ.എം. അഭിജിത്ത് അട്ടിമറി വിജയം നേടിയേക്കും. എൻ.ഡി.എ ഇരുമുന്നണികൾക്കും വെല്ലുവിളിയല്ലെങ്കിലും സ്ഥാനാർഥി സി.പി. വിപിൻ ചന്ദ്രനും സജീവമായി രംഗത്തുണ്ട്. ആദിവാസി ഉന്നതികൾ, മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥിയുടെ പ്രവർത്തനം.
അഡ്വ. പി. വസന്തം
പി. വസന്തം ജനാധിപത്യ മഹിളസംഘം സംസ്ഥാന പ്രസിഡന്‍റും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമാണ്. നടുവണ്ണൂർ പഞ്ചായത്തിലെ കരുവണ്ണൂരിലെ പുതുശ്ശേരി വീട്ടിൽ ജനനം. സ്കൂൾ കാലം മുതൽ വിദ്യാർത്ഥി സംഘടന രംഗത്ത് സജീവമായിരുന്ന വസന്തം, പ്രീഡി ഗ്രി പഠനകാലത്ത് എ.ഐ.എസ്.എഫ് ജില്ല നേതൃത്വത്തിലെത്തി. കേരള യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും ഗവ. ലോകോളജിൽ നിന്ന് എൽ.എൽ.ബിയും നേടി. എ.ഐ.എസ്. എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായും പ്രവർത്തിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരിയുമായുള്ള വിവാഹത്തിന് ശേഷം പാർട്ടി പ്രവർത്തനം നാദാപുരം മണ്ഡലം കമ്മിറ്റിയിലേക്ക് മാറി. മഹിള സംഘം സംസ്ഥാന പ്രസിഡന്റും ദേശിയ എക്സി. അംഗവും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമാണ്.
കെ.എം. അഭിജിത്ത്
കെ.എം. അഭിജിത്ത് കാലിക്കറ്റ് സർവകലാശാല യൂനിയൻ ചെയർമാനായിരുന്നു. 2017ലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർഥി സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി മത്സരിച്ചത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. നിലവിൽ യൂത്ത് കോൺഗ്രസിന്റെ ദേശിയ സെക്രട്ടറിയാണ്. രാഷ്ട്രീയ സമരത്തിൽ പങ്കെടുത്തതിന് നിരവധി കേസുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
സി.പി. വിപിൻ ചന്ദ്രൻ
സി.പി. വിപിൻ ചന്ദ്രൻ ബി.ജെ.പി മണ്ഡലം പ്രസിഡന്‍റായിരുന്നു. യുവമോർച്ച നാദാപുരം നിയോജക മണ്ഡലം ജന. സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്‍റ്, യുവമോർച്ച ജില്ലട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സിവിൽ എൻജിനീയറാണ്. മരുതോങ്കര സ്വദേശി. അച്ഛൻ സി.പി. ചന്ദ്രൻ, അമ്മ: വനജ. ഭാര്യ: സായിനിത, മകൾ: ഐറാ നിതാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

