വി.എം. വിനുവിന്റെ വോട്ട് തള്ളിയതിൽ ദുരൂഹത
text_fieldsവി.എം. വിനു കോൺഗ്രസ് നേതാക്കളോടൊപ്പം ഡി.സി.സി ഓഫിസിൽ
മാധ്യമങ്ങളെ കാണുന്നു
കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി വി.എം. വിനുവിന്റെ വോട്ട് എങ്ങനെ തള്ളി എന്ന വിഷയത്തിൽ ദുരൂഹത. ആരാണ് പരാതിക്കാർ എന്നത് ഇപ്പോഴും വ്യക്തമല്ല. വിനുവിന്റെയും ഭാര്യയുടെയും വോട്ട് പട്ടികയിലില്ല. കോൺഗ്രസ് സ്ഥാനാർഥിയായി വി.എം. വിനു വരുമെന്ന് സൂചനയുള്ളതിനാൽ സി.പി.എം നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തയാളുടെ പേര് കരട് വോട്ടർ പട്ടികയിൽ ഉണ്ടാവേണ്ടതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. അതേസമയം, കരട് വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ അത് പരിശോധിക്കാനും വോട്ട് ചേർക്കാനും അവസരമുണ്ടായിരുന്നു എന്ന സാങ്കേതികത്വം നിലനിൽക്കുന്നുണ്ട്. തന്റെ പിതാവ് ചെറുപ്പം മുതലേ തന്ന ഉപദേശമാണ് ഒരിക്കലും വോട്ടവകാശം പാഴാക്കരുതെന്നത്.
അതുകൊണ്ട് തന്നെ 45 വർഷത്തോളമായി വോട്ട് ചെയ്യുന്ന ആളാണ് താനെന്നും വിനു പറഞ്ഞു. ബിഹാറിൽ വോട്ട് ചോരിക്കിരയായി സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ടവരുടെ വേദന എത്രത്തോളമാണ് എന്നാണ് ഈ അനുഭവം നൽകുന്നത്. കോടതിയിൽ പ്രതീക്ഷയുണ്ടെന്നും വോട്ടവകാശം തിരിച്ചുകിട്ടാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. കല്ലായിയിൽ മത്സരിക്കാനിറങ്ങിയപ്പോൾ നല്ല ഫീഡ്ബാക്കാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിൽ കോർപറേഷൻ ഭരണ മാറ്റത്തിനുവേണ്ടി 76 വാർഡുകളിലും പ്രചാരണത്തിനിറങ്ങുമെന്നും വിനു പറഞ്ഞു.
അതേസമയം, വിനുവിന്റെ വോട്ട് തള്ളിയ സംഭവം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കയാണ്. അദ്ദേഹത്തിന് കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ സ്ഥാനാർഥിയാവാൻ കഴിയില്ല. ഇത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കും. അതേസമയം, വോട്ടുചോരിക്കെതിരെ വി.എം. വിനുവിന്റെ വോട്ട്തള്ളൽ ഉയർത്തിക്കാട്ടി ഇടതുപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

