വരുമോ...? കൊയിലാണ്ടി-മൈസൂരു റെയിൽപാത
text_fieldsകൊയിലാണ്ടി -മൈസൂരു പാതയുടെ രൂപരേഖ
കോഴിക്കോട്: മലബാറിന്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായും വാണിജ്യ മേഖലക്ക് ഉണർവേകുകയും ലക്ഷ്യമിട്ട് റെയിൽവേ പരിഗണിച്ച കൊയിലാണ്ടി -വയനാട് -മൈസൂരു പാത ഫയലിലുറങ്ങുന്നു. രണ്ടരവർഷം മുമ്പ് മുന്നോട്ടുവെച്ച പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാൽ, പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടുമില്ല. നേരത്തെ പ്രഖ്യാപിച്ച നിലമ്പൂർ -നഞ്ചൻകോട്, തലശ്ശേരി -വയനാട് -മൈസൂരു പാതകൾ വന്യജീവി, പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം വലിയ വിമർശനങ്ങൾ നേരിട്ടപ്പോഴാണ് താരതമ്യേന വന്യജീവി സങ്കേതങ്ങളെ വലിയതോതിൽ ബാധിക്കാത്ത കൊയിലാണ്ടി -വയനാട് -മൈസൂരു പാത പരിഗണിച്ചിരുന്നത്. മറ്റു പദ്ധതികൾ സജീവമായ പശ്ചാത്തലത്തിൽ കൊയിലാണ്ടി -മൈസൂരു പാത പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് റെയിൽവേ അധികൃതരുടെ പ്രതികരണം.
190 കിലോമീറ്റർ നീളം കണക്കാക്കിയ പാത കൊയിലാണ്ടിയിൽനിന്ന് പേരാമ്പ്ര -മുള്ളൻകുന്ന് -വാളൂക്ക് -നിരവിൽപ്പുഴ -തരുവണ -കൽപറ്റ -മീനങ്ങാടി -പുൽപള്ളി -കൃഷ്ണരാജപുരം -എച്ച്.ഡി. കോട്ട -ഹംബാപുര -ബിധിരഗോഡ് -കടകോള -മൈസൂരു എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരുന്നത്. കടകോള മുതൽ മൈസൂരുവിലേക്ക് നിലവിൽ പാതയുണ്ട് എന്നത് ഗുണമാണ്. വന്യജീവി മേഖലകളെ കുറച്ചുമാത്രമേ ബാധിക്കൂ എന്നതായിരുന്നു പാതയുടെ പ്രത്യേകത.
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകരാതിരിക്കാനും പരിസ്ഥിതിക്ക് ആഘാതമുണ്ടാവാതിരിക്കാനും പുൽപള്ളിക്കും കൃഷ്ണരാജ പുരത്തിനുമിടയിൽ വനമേഖലയിലൂടെ 20 കിലോമീറ്റർ ദൈർഘ്യത്തിൽ കബനി ടണൽ നിർമിക്കാനും പദ്ധതിയിൽ നിർദേശിച്ചിരുന്നു. പുതിയ പാത മലബാർ മേഖലയുടെ യാത്രാ സൗകര്യം വർധിപ്പിക്കും എന്നതിനപ്പുറം വാണിജ്യ വ്യവസായ പുരോഗതിക്കും വലിയ മുതൽക്കൂട്ടാവുമെന്നതിനാൽ വ്യാപാര സംഘടനകളടക്കം പ്രതീക്ഷയോടെയാണ് പദ്ധതിയെ കണ്ടിരുന്നത്.
കൊയിലാണ്ടി -പേരാമ്പ്ര -മുള്ളൻകുന്ന് -വാളൂക്ക് -നിരവിൽപ്പുഴ -തരുവണ -കൽപറ്റ -മീനങ്ങാടി -പുൽപള്ളി -കൃഷ്ണരാജപുരം -എച്ച്.ഡി കോട്ട -ഹംബാപുര -ബിധിരഗോഡ്-കടകോള -മൈസൂരു എന്നിങ്ങനെയാണ് നിർദിഷ്ട റെയിൽപാത റൂട്ട്
വ്യാപാര മേഖലക്ക് പ്രതീക്ഷയാകുന്ന പദ്ധതി
കൊയിലാണ്ടി -മൈസൂരു പാത വരുന്നതോടെ കോഴിക്കോടുനിന്ന് മൈസൂരുവിലേക്കുള്ള റെയിൽ ദൂരം 230 കിലോമീറ്ററായി ചുരുങ്ങുമെന്നതാണ് വ്യാപാര -വ്യവസായ മേഖലക്ക് വലിയ പ്രതീക്ഷയായത്. നിലവിൽ 715 കിലോമീറ്റർ ചുറ്റി ബംഗളൂരു വഴിയോ 507 കിലോമീറ്റർ ചുറ്റി മംഗളൂരു വഴിയോ വേണം കോഴിക്കോട്ടുനിന്ന് ട്രെയിനിൽ മൈസൂരുവിലെത്താൻ.
ചുറ്റിക്കറങ്ങി പോകണം എന്നതിനാൽ മലബാറിലെ യാത്രക്കാർ മൈസൂരുവിലേക്ക് പോകാൻ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. രാത്രി കോഴിക്കോടുനിന്ന് കയറിയാൽ പുലർച്ചയോടെ മൈസൂരുവിലെത്തുന്ന നിലയിൽ അനേകം ബസ് സർവിസുകളുണ്ടെങ്കിലും യാത്രാനിരക്കിലെ വർധന വെല്ലുവിളിയാണ്.
മാത്രമല്ല, ഉത്സവ സീസണുകളിലും മറ്റും വലിയ തോതിൽ അന്തർ സംസ്ഥാന ബസുകൾ നിരക്ക് കൂട്ടി യാത്രക്കാരെ കൊള്ളയടിക്കുന്നതും പതിവാണ്. നിർദിഷ്ട പാത യാഥാർഥ്യമായാൽ കർണാടകയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന മലബാർ മേഖലയിലെ വിദ്യാർഥികൾക്കാണ് ഏറെ ആശ്രയമാകുക.ജോലിക്കാർക്കും ഗുണമാവും. മാത്രമല്ല മൈസൂരു വഴിയുള്ള ബംഗളൂരു യാത്രക്കും പുതിയ പദ്ധതി ഏറെ പ്രയോജനപ്പെടും.
ട്രെയിൻ വഴിയുള്ള ചരക്കുനീക്കം സുഗമമായാൽ നിലവിൽ ആശ്രയിക്കുന്ന കണ്ടെയ്നറുകളെ ഒഴിവാക്കാനും അതുവഴി വ്യവസായ മേഖലക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയും.
നിർദിഷ്ട പാത യാഥാർഥ്യമാക്കാൻ കേരള -കർണാടക സർക്കാറുകൾ ഇടപെടണമെന്നും മലബാർ മേഖലയിലെ എം.പിമാർ അടക്കമുള്ള ജനപ്രതിനിധികൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ (സി.എ.ആർ.യു.എ) വർക്കിങ് ചെയർമാനും കേരള റീജനൽ പ്രസിഡന്റുമായ സി.ഇ. ചാക്കുണ്ണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

