ജില്ല കൗൺസിൽ ഇന്ന്; സമവായത്തിന് തിരക്കിട്ട നീക്കം
text_fieldsകോഴിക്കോട്: പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ മുസ്ലിം ലീഗ് ജില്ല കൗൺസിൽ തിങ്കളാഴ്ച നടക്കാനിരിക്കെ, സമവായത്തിന് തിരക്കിട്ട നീക്കം. ജില്ലയുടെ തെരഞ്ഞെടുപ്പ് സമിതി കൺവീനർ ആബിദ് ഹുസൈൻ തങ്ങൾ, അംഗങ്ങളായ അബ്ദുൽ ഹമീദ് എം.എൽ.എ, അഡ്വ. റഹ്മത്തുല്ല എന്നിവർ മണ്ഡലം ഭാരവാഹികളുടെയും നിലവിലെ ജില്ല ഭാരവാഹികളുടെയും അഭിപ്രായം ആരാഞ്ഞു.
എം.സി. മായിൻ ഹാജി (പ്രസി), എം.എ. റസാഖ് മാസ്റ്റർ (ജന. സെക്ര), എം.എ. റസാഖ് മാസ്റ്റർ (പ്രസി), ടി.ടി. ഇസ്മായിൽ (ജന. സെക്ര), എം.എ. റസാഖ് മാസ്റ്റർ (പ്രസി), സൂപ്പി നരിക്കാട്ടേരി (ജന. സെക്ര) എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് പൊതുവിൽ ഉയർന്നുവന്നിരിക്കുന്നത്.
നിലവിലെ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാനാണ് സാധ്യത. പലതരത്തിലുള്ള വിഭാഗീയതയും താൽപര്യങ്ങളും നിലനിൽക്കുന്നതാണ് സമവായ നീക്കം ശ്രമകരമാക്കുന്നത്. നിലവിലെ കമ്മിറ്റിയിൽനിന്ന് പകുതിയോളം പേർ പുറത്തായേക്കും. സഹ ഭാരവാഹിത്വങ്ങളിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടാൻ സാധ്യതയുണ്ട്. ജില്ലയിൽനിന്നുള്ള സംസ്ഥാന ഭാരവാഹികളുടെ പട്ടികയിലും പുതുമുഖങ്ങൾ കടന്നുവന്നേക്കാം.
അനാരോഗ്യം കാരണം ടി.പി.എം. സാഹിറും പി.കെ.കെ. ബാവയും മാറിനിൽക്കും. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി ജില്ല പ്രസിഡന്റാവുകയാണെങ്കിൽ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകില്ല.
സി.പി. ചെറിയ മുഹമ്മദും ഷാഫി ചാലിയവുമാണ് ജില്ലയിൽ നിന്നുള്ള നിലവിലെ മറ്റു സംസ്ഥാന ഭാരവാഹികൾ. ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് പോയാൽ ഗ്രൂപ്പിസവും വിഭാഗീയതയും കൂടുതൽ ശക്തമാകുമെന്നതിനാലാണ് സമവായനീക്കം ശക്തമാക്കിയത്.
തെരഞ്ഞെടുപ്പ് സമിതിയുടെ നീക്കങ്ങൾ ഫലംകണ്ടില്ലെങ്കിൽ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടാകും. ആയിരത്തോളം കൗൺസിലർമാരാണ് കക്കോടി മിയാമി കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കുക. പ്രസിഡന്റ്, ജന. സെക്രട്ടറി സ്ഥാനങ്ങൾക്ക് പുറമെ, ട്രഷറർ, ഏഴ് വൈസ് പ്രസിഡന്റുമാർ, ഏഴ് സെക്രട്ടറിമാർ എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

