രാജലക്ഷ്മിക്ക് വിശ്വാസാചാര പ്രകാരം അന്ത്യയാത്രയൊരുക്കി മുസ്ലിം സഹോദരങ്ങൾ
text_fieldsരാജലക്ഷ്മിയുടെ അന്ത്യകർമങ്ങൾ ത്വയ്യിബിന്റെ വീട്ടിൽ നടന്നപ്പോൾ
മൂവാറ്റുപുഴ: രണ്ടുപതിറ്റാണ്ട് മുമ്പ് കോഴിക്കോട് നിന്നെത്തി മൂവാറ്റുപുഴക്കാരിയായി മാറിയ രാജലക്ഷ്മിക്ക് അവരുടെ വിശ്വാസാചാര പ്രകാരം അന്ത്യയാത്രയൊരുക്കി അയൽവാസികളായ മുസ്ലിം സഹോദരങ്ങൾ. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ ഫ്രഷ് കോളക്കടവിൽ കുളിക്കാനിറങ്ങുമ്പോൾ മുങ്ങിമരിച്ച രാജലക്ഷ്മിക്ക് ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യയാത്ര ഒരുക്കുകയായിരുന്നു കുടിയിൽ ത്വയ്യിബും സുഹൃത്തുക്കളും. ത്വയ്യിബിന്റ വീട്ടിലായിരുന്നു അന്തിമകർമങ്ങൾ.
2018ൽ പ്രളയത്തിൽ ജീവൻ നഷ്ടമായ രാജലക്ഷ്മിയുടെ ഭർത്താവ് സദാശിവൻ മരിച്ചപ്പോഴും അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകിയത് അയൽവാസികളായ മുസ്ലിം സുഹൃത്തുക്കളായിരുന്നു. ആദ്യവസാനം അവർക്ക് കൂട്ടായി അയൽവാസികളായ മുസ്ലിം കുടുംബങ്ങൾ ഉണ്ടായിരുന്നു.
കോഴിക്കോട് രാമനാട്ടുകര സ്വദേശികളാണ് സദാശിവനും രാജലക്ഷ്മിയും. മൂവാറ്റുപുഴ സർവിസ് കോഓപറേറ്റിവ് ബാങ്കിലെ ജീവനക്കാരിയായിരുന്നു രാജലക്ഷ്മി. പെരുമറ്റം പാലത്തിന് സമീപമാണ് ഇവർ വാടകക്ക് താമസിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രഷ് കോള കടവിൽ കാൽവഴുതി മുങ്ങിപ്പോകുകയായിരുന്നു.
വിവരമറിഞ്ഞ് രാജലക്ഷ്മിയുടെ രണ്ട് സഹോദരിമാർ അടക്കം ബന്ധുക്കൾ കോഴിക്കോടുനിന്നെത്തിയിരുന്നു. അന്തിമ കർമങ്ങൾ ചെയ്യാൻ രാജലക്ഷ്മിയുടെ ഒറ്റമുറി വാടക വീട്ടിൽ സ്ഥലമില്ലായിരുന്നു.
കുടിയിൽ തൈബുദ്ദീൻ സ്വന്തം വീട്ടിൽ ഇതിനുള്ള സൗകര്യമൊരുക്കി നൽകി. തൊടുപുഴ പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തീകരിച്ചു. പൂജാരിയെ എത്തിച്ചതും മറ്റു ചടങ്ങുകൾക്ക് നേതൃത്വം നൽകിയതുമെല്ലാം ഇവിടെയുള്ള മുസ്ലിം കുടുംബങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

