കോഴിക്കോടിന്‍റെ മ്യൂസിയമാവാൻ പഴയ കോർപറേഷൻ ഓഫിസ്; നടപടി തുടങ്ങി
text_fieldsകോഴിക്കോട്: ചരിത്രമുറങ്ങുന്ന പഴയ നഗരസഭ ഓഫിസ് കെട്ടിടം നഗരത്തിന്‍റെ ചരിത്രം പറയുന്ന മ്യൂസിയമാക്കാനുള്ള പ്രാരംഭ നടപടികൾ മ്യൂസിയം പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഈ സാഹചര്യത്തിൽ കെട്ടിടം മ്യൂസിയമാക്കാൻ കോർപറേഷൻ പണം ചെലവഴിച്ചുള്ള പദ്ധതി ഒഴിവാക്കി.
50 ലക്ഷം രൂപ ചെലവിൽ കെട്ടിടം മ്യൂസിയമാക്കാൻ 2020ൽ കോർപറേഷൻ കരാർ നൽകിയിരുന്നു. കെട്ടിടം ഇതുവരെ കരാറുകാരന് കൈമാറാത്തതിനാൽ പണി തുടങ്ങിയിരുന്നില്ല. ഈ കരാർ ഒഴിവാക്കാനാണ് തീരുമാനം. കെട്ടിടം മ്യൂസിയമാക്കി മാറ്റുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.
ആദ്യം കെട്ടിടം പുരാവസ്തുവായി പ്രഖ്യാപിക്കണം. ഇങ്ങനെ പ്രഖ്യാപിക്കാൻ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. പ്രഖ്യാപനം കഴിഞ്ഞാൽ നിലവിലുള്ള അതേ അവസ്ഥയിൽ സംരക്ഷിക്കാനുള്ള നടപടിയെടുക്കണം. അതിനായി 1.25 കോടി രൂപയോളം വരുന്ന എസ്റ്റിമേറ്റ് തയാറായതായി പുരാവസ്തുമന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ ഓഫിസിൽനിന്ന് അറിയിച്ചു.
എസ്റ്റിമേറ്റ് സർക്കാറിന് ഉടൻ സമർപ്പിക്കും. പുരാവസ്തുവകുപ്പിന്‍റെ ഫണ്ട് ലഭ്യമായാൽ കെട്ടിടം സംരക്ഷിക്കാനുള്ള പ്രവൃത്തി തുടങ്ങാനാവും. അതിന് ശേഷമാണ് നവീകരണം നടത്തിയ കെട്ടിടത്തിൽ മ്യൂസിയം ആരംഭിക്കാനാവുക. ഇതിനായി വിശദ പദ്ധതിരേഖ തയാറാക്കണം.
കോർപറേഷനും പുരാവസ്തുവകുപ്പും ധാരണപത്രം വെക്കണം
പുരാവസ്തുവകുപ്പ് നേരിട്ട് മ്യൂസിയം നടത്തുകയാണെങ്കിൽ കെട്ടിടം വകുപ്പ് ഏറ്റെടുക്കേണ്ടി വരും. അല്ലെങ്കിൽ, കോർപറേഷനും പുരാവസ്തു വകുപ്പുമായി ധാരണപത്രം ഒപ്പുവെച്ച് മ്യൂസിയം നടത്താനാവും. പുരാവസ്തുവായി പ്രഖ്യാപിക്കാനും സംരക്ഷണ പ്രവൃത്തികൾക്കുമുള്ള നടപടികൾ മുന്നോട്ട് പോയിട്ടുണ്ട്. മ്യൂസിയത്തിന്‍റെ തീം എന്താവണമെന്നത് സംബന്ധിച്ച് ഇനിയും ധാരണയാവേണ്ടതുണ്ട്.
നഗരവുമായുള്ള പുരാതനകാല വാണിജ്യബന്ധങ്ങൾ, നഗരത്തിന്‍റെ ചരിത്രം തുടങ്ങിയവയെല്ലാം ഉയർന്നുവന്നിരുന്നു. പുരാവസ്തുവായി പ്രഖ്യാപിക്കണമെങ്കിൽ നൂറു കൊല്ലത്തിലേറെ പഴക്കമുണ്ടാവണമെന്നാണ് ചട്ടം. കെട്ടിടത്തിൽ പുരാവസ്തുവകുപ്പ് നേതൃത്വത്തിൽ ജോലികൾ നടത്തുന്നതിന് കോർപറേഷൻ അനുമതി നൽകിക്കഴിഞ്ഞു.
നിലവിലുള്ള കെട്ടിടം ഏതാണ്ട് അതേ രീതിയിൽതന്നെ ബലപ്പെടുത്തി നവീകരിക്കുകയാണ് ലക്ഷ്യം. നിലവിൽ ഉപയോഗിച്ച മരപ്പണികളും മറ്റും അതേ രീതിയിൽതന്നെ നടത്തണമെന്നാണ് തീരുമാനം.
നിർമാണം കഴിഞ്ഞ് കോർപറേഷന് തന്നെ തിരികെ കിട്ടിയാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളടക്കമുള്ളവയുടെ സഹായത്തോടെ വിപുല സൗകര്യമൊരുക്കാനാവുമോയെന്നകാര്യം പരിശോധിക്കണം. മ്യൂസിയം വകുപ്പുതന്നെ പദ്ധതി ഏറ്റെടുക്കുന്നകാര്യവും പരിഗണനയിലുണ്ട്. ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയവും കസ്റ്റംസ് റോഡിലെ മൊയ്തുമൗലവി സ്മാരക മ്യൂസിയവുമാണ് നഗരത്തിൽ ഇപ്പോഴുള്ളത്.
ഉറൂബ് സ്മാരക മ്യൂസിയം സെൻട്രൽ ലൈബ്രറി കെട്ടിടത്തിലും എസ്.കെ. പൊറ്റെക്കാട്ട് മ്യൂസിയം പുതിയറയിലും പ്രവർത്തിക്കുന്നു. പുരാവസ്തു-മ്യൂസിയം വകുപ്പുമായി സഹകരിച്ച് മ്യൂസിയമാക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ നേരത്തേ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.