ബംഗാൾ സ്വദേശിയുടെ കൊല: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരമധ്യത്തിൽ പശ്ചിമ ബംഗാൾ സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് കടലൂർ അയൻകുറിഞ്ചിപ്പാടി പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുനെയാണ് (19) സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
എട്ടുമാസത്തിനിടെയുള്ള പ്രതിയുടെ രണ്ടാമത്തെ കൊലയാണിതെന്ന് പൊലീസ് പറഞ്ഞു. അർജുൻ തമിഴ്നാട് സ്വദേശി നഗാരാജിനെയാണ് (15) നേരത്തെ കൊലപ്പെടുത്തിയത്. ഇതിൽ ചെന്നൈ റെഡ്ഹിൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയാണ് കോഴിക്കോട്ടെത്തി ബംഗാൾ ബർദമാനിലെ സാദഖ് ഷെയ്ഖിന്റെ കൊലനടത്തിയത്.
പഴയ കൊലപാതകക്കേസ് നടത്താൻ പണമുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാം കൊലയിൽ കലാശിച്ചതെന്നാണ് ശാസ്ത്രീയ ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. ഡിസംബർ 11ന് രാത്രിയാണ് സാദഖ് ഷെയ്ഖിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോടുചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്തുവീണ നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ ബാറിൽ വെച്ച് അർജുൻ പരിചയപ്പെട്ട സാദഖിന്റെ കീശയിൽ എംബ്രോയ്ഡറി ജോലി ചെയ്ത് ലഭിച്ച 7000 രൂപയുണ്ടായിരുന്നു.
ഇത് കൈക്കലാക്കാൻ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുപോയി കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. മൽപിടിത്തത്തിനൊടുവിലാണ് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ട് കൊലപ്പെടുത്തിയത്. സാദഖിന്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.
മൃതദേഹം പരിശോധിച്ച പൊലീസ് ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. മഴയിൽ കുതിർന്നതിനാൽ ഡോഗ് സ്ക്വാഡിനും വേണ്ട തെളിവുകൾ ശേഖരിക്കാനായില്ല. മൃതദേഹത്തിനരികിൽനിന്ന് ലഭിച്ച മൊബൈൽ ഫോണിലേക്ക് കാൾ വന്നതോടെയാണ് ആളെ തിരിച്ചറിഞ്ഞതും പുഷ്പ ജങ്ഷനുസമീപമാണ് ജോലിചെയ്തിരുന്നതെന്നും വ്യക്തമായത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ, ഇദ്ദേഹം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. ഇതോടെ സമീപത്തെ ബാറിലെ സി.സി.ടി.വികൾ പരിശോധിച്ചപ്പോഴാണ് സാദഖ് പ്രതി അർജുനൊപ്പമുള്ള ദൃശ്യം ലഭിച്ചത്. തുടരന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതും ഇയാളെ തമിഴ്നാട്ടിൽനിന്ന് പിടിച്ചതും.
ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ ടൗൺ സ്റ്റേഷനിലെ എസ്.ഐ സുഭാഷ് ചന്ദ്രൻ, അസി. എസ്.ഐ മുഹമ്മദ് സബീർ, സീനിയർ സി.പി.ഒമാരായ സജേഷ് കുമാർ, ബിനിൽകുമാർ, ഉദയകുമാർ, ബിജു, സി.പി.ഒമാരായ ജിതേന്ദ്രൻ, അനൂജ്, രാഗേഷ്, സുബീഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.