നാടുകാണി ചുരത്തിലെ കൊലപാതകം; പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തു
text_fieldsകോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിലെറിഞ്ഞ കേസിൽ ഇരുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ഒന്നാം പ്രതി താനൂർ കുന്നുംപുറം സ്വദേശി സമദ് (52), രണ്ടാം പ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാൻ (40) എന്നിവരെയാണ് അന്വേഷണസംഘത്തലവൻ കസബ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
കൊല്ലപ്പെട്ട കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽ കണ്ടെത്തിയെങ്കിലും ഇവർ അണിഞ്ഞ 15 പവനിലേറെ സ്വർണാഭരണവും ബാഗിലുണ്ടായിരുന്ന മൂന്നുലക്ഷത്തോളം രൂപയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പണം ഗൂഡല്ലൂരിലെ താമസകേന്ദ്രത്തിൽനിന്ന് പങ്കുവെച്ചെങ്കിലും പിന്നീട് സുലൈമാൻ ഉൾപ്പെടുന്ന ഗൂഡല്ലൂരിലെ സംഘം തട്ടിയെടുത്തുവെന്നാണ് സമദിന്റെ മൊഴി.
ശനിയാഴ്ച കസ്റ്റഡിയിൽ കിട്ടിയ സുലൈമാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സ്വർണവും പണവും വീണ്ടെടുക്കാനാവുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതുസംബന്ധിച്ച് സുലൈമാൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഡല്ലൂരിലെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സൈനബയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കാറിലും കൊലക്കുശേഷം പ്രതികൾ താമസിച്ച ഗൂഡല്ലൂരിലെ മുറിയിലും ഫോറൻസിക് സംഘം പരിശോധന നടത്തി. താനൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത കാറിൽനിന്ന് സ്ത്രീയുടെ മുടിയും മുടിയിലിടുന്ന ക്ലിപ്പും ഉൾപ്പെടെ ഫോറൻസിക് സംഘം കണ്ടെടുത്തു. കാറിൽ നിന്നും പ്രതികൾ താമസിച്ച മുറിയിൽ നിന്നും വിരലടയാളവും ശേഖരിച്ചു.
കാർ കഴുകിയതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് സംഘത്തിന് ലഭ്യമായിട്ടില്ല. നേരത്തെ സമദിനെ തെളിവെടുപ്പിന് കൊണ്ടുപോയ ഗൂഡല്ലൂരിലെ താമസ കേന്ദ്രത്തിലും കൊലയുടെ ഗൂഢാലോചന നടത്തിയ തിരൂരിലെ ലോഡ്ജിലും സുലൈമാനെയും കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

