മുക്കം സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
text_fieldsമുക്കം: മുക്കം സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം പിടികൂടി. രജിസ്ട്രേഷൻ നടപടികൾക്കായി വ്യാപകമായി കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തിന്റെയും നാട്ടുകാരുടെ പരാതിയെ തുടർന്നുമാണ് പരിശോധന നടത്തിയത്. വിജിലൻസ് എസ്.പി കെ.പി. അബ്ദുൽ റസാഖിന്റെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ സി.ഐ സജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഓഫിസിന്റെ റെക്കോഡ് റൂം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലുള്ള 5720 രൂപ കണ്ടെത്തി. തുടരന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷൽ എസ്.പി അബ്ദുൽ റസാഖ് അറിയിച്ചു. മുക്കം സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് നേരത്തെയും വിജിലൻസ് പരിശോധനയിൽ അനധികൃത പണം പിടികൂടുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.