മുക്കത്ത് രണ്ട് ക്ഷേത്രങ്ങളിലും ഒരു കാവിലും മോഷണം
text_fieldsമുക്കം: മുക്കം നഗരസഭയിലെ മാമ്പറ്റ കൈയ്യിട്ടാംപൊയിൽ പൂലോട്ട് കരിയാത്തൻകാവ്, മുത്താലം ദുർഗഭഗവതി ക്ഷേത്രം, ചാത്തമംഗലം പഞ്ചായത്തിലെ കളൻതോട് വിഷ്ണുനരസിംഹ ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കവർച്ച നടന്നത്. ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചാണ് മൂന്നിടത്തും പണം അപഹരിച്ചത്.
കരിയാത്തൻകാവിൽ റോഡരികിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരമുൾപ്പെടെ മൂന്നെണ്ണം തകർത്തു. 50,000 രൂപയോളം നഷ്ടപ്പെട്ടതായി കാവിന്റെ സെക്രട്ടറി കുരുവങ്ങൽ ചന്ദ്രൻ പറഞ്ഞു. മുത്താലം ദുർഗാക്ഷേത്രത്തിൽനിന്ന് 2000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
കൃഷ്ണവിഗ്രഹത്തിന് മുന്നിലുള്ള ഭണ്ഡാരമാണ് മോഷ്ടാക്കൾ പൊളിച്ചത്. പണം അപഹരിച്ച ഭണ്ഡാരം റോഡിൽ ഉപേക്ഷിച്ചു. വിഷ്ണുനരസിംഹ ക്ഷേത്രത്തിലും പുറത്തുവെച്ച ഭണ്ഡാരമാണ് കവർന്നത്. കാവിന്റെയും ക്ഷേത്രങ്ങളുടേയും ഭാരവാഹികളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

