സുഹൃത്തിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണത്തിനെത്തി പിടിയിലായി
text_fieldsrepresentational image
മുക്കം: മണാശ്ശേരിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടിൽ കയറി മോഷണം. വീട്ടിൽ ആളില്ലാത്ത നേരം കുടുംബ സുഹൃത്തുതന്നെയാണ് മോഷണത്തിനെത്തിയത്. വീട്ടുകാരന്റെ മാതാവ് ആശുപത്രിയിൽ പോയ സമയത്താണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്. മാതാവ് ആശുപത്രിയിൽനിന്നു തിരിച്ചുവന്ന് വീടിനകത്തേക്ക് കയറുമ്പോൾ വീടിന്റെ മുകൾനിലയിൽ ആരോ ഓടുന്നതും ടെറസിൽനിന്നു ചാടുന്ന ഒച്ചയും കേട്ട് നോക്കുമ്പോഴാണ് ഒരാൾ മുറ്റത്ത് വീണുകിടക്കുന്നത് കണ്ടത്.
ബഹളം വെച്ചതോടെ ഇയാൾ എഴുന്നേറ്റ് ഓടി വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏല്പിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് എടുത്ത മാലയുടെ കൊളുത്ത് കള്ളന്റെ പേഴ്സിൽ നിന്നും കിട്ടി. തുടർന്ന് നടത്തിയ പരിശോധനയിൽ മാല മുറ്റത്തെ പുല്ലിൽനിന്നു കിട്ടി.
വീടിനെ കുറിച്ച് നന്നായി അറിയുന്ന ഇയാൾ മോഷണത്തിന് കയറും മുമ്പ് വീട്ടുകാരനായ സുഹൃത്തിനെ ജോലി സ്ഥലത്തേക്ക് വിളിച്ച് വീട്ടിൽ ആളില്ല എന്ന് ഉറപ്പ് വരുത്തിയിരുന്നു. ടെറസിൽനിന്നു ചാടിയ സമയത്ത് മോഷ്ടാവിനു താടിക്ക് പരിക്കേറ്റു. വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനെ തുടർന്ന് കേസെടുത്തില്ലെന്ന് മുക്കം പൊലീസ് പറഞ്ഞു.

