പെട്രോൾ പമ്പിലെ മോഷണം;പ്രതികൾ ഇതര സംസ്ഥാനക്കാരെന്ന് സൂചന
text_fieldsRepresentational image
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽനിന്ന് കവർച്ച നടത്തിയത് അന്തർ സംസ്ഥാന സംഘമെന്ന് സംശയം. തമിഴ്നാട് സ്വദേശികളാണെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട് രജിസ്ട്രേഷൻ നമ്പറുള്ള മാരുതി ആൾട്ടോ കാറിലാണ് മോഷ്ടാക്കൾ എത്തിയിരുന്നത്.
തമിഴ്നാട്ടിലെ മേട്ടുപാളയത്ത് പെട്രോൾ പമ്പിൽ ഇതേ രീതിയിൽ കാറിലെത്തിയ സംഘം മോഷണം നടത്തിയിട്ടുണ്ട് എന്നതും അവിടുന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിലുള്ളവരും മുക്കത്തെ പമ്പിലെ സി.സി.ടി.വിയിലെ ദൃശ്യത്തിൽ ലഭിച്ച ആളുകളുമായി സാമ്യമുള്ളതാണെന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.
വെള്ളിയാഴ്ച പുലർച്ചയാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ മോഷണം നടന്നത്. ഇന്ധനം നിറക്കാനായാണ് നാലംഗ സംഘം വെള്ളക്കാറിൽ പമ്പിലെത്തിയത്. കാറിൽ ഇന്ധനം നിറക്കുന്നതിനിടെ മൂന്നുപേർ വാഹനത്തിൽ നിന്നിറങ്ങി. ഇതിൽ ഒരാൾ ശൗചാലയത്തിന് സമീപത്തേക്ക് പോയി. ഇന്ധനം നിറച്ച് കാർ പുറത്തേക്ക് പോയതിന് ശേഷം ജീവനക്കാരൻ മേശയിൽ തലവെച്ച് കിടന്നു.
ഇതിനിടെ പിന്നിലൂടെ എത്തിയ രണ്ടുപേർ ജീവനക്കാരനായ സുരേഷിന്റെ കണ്ണിലേക്ക് മുളകുപൊടി വിതറുകയായിരുന്നു. മൂന്നാമൻ താൻ ധരിച്ചിരുന്ന മുണ്ട് കൊണ്ട് പമ്പ് ജീവനക്കാരന്റെ മുഖം മറച്ച ശേഷം കീശയിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു. അതേസമയം, പ്രതികളെ പിടികൂടാനായി ഊർജിത അന്വേഷണം നടന്നുവരുകയാണെന്ന് മുക്കം പൊലീസ് അറിയിച്ചു.

